ഉപ്‌സാല: വെബ്ക്യാമിനു മുന്നില്‍ കൗമാരക്കാരായ കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗിക ചേഷ്ടകള്‍ ചെയ്യിച്ച 42കാരന് സ്വീഡനില്‍ ജയില്‍ ശിക്ഷ. കാനഡ, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് ബ്യോണ്‍ സാംസ്‌റ്റോം എന്ന ഇയാള്‍ ഓണ്‍ലൈന്‍ ലൈംഗികതയ്ക്ക് ഉപയോഗിച്ചത്. ഇരകളാക്കപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പെണ്‍കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തത്. സ്വീഡനിലെ ഉപ്പ്‌സാല കോടതി ഇയാള്‍ നടത്തിയത് ഓണ്‍ലൈന്‍ ബലാല്‍സംഗമാണെന്ന് നിരീക്ഷിച്ചു.

2015നും 2017 ആദ്യമാസങ്ങള്‍ക്കുമിടയില്‍ 27 പ്രായപൂര്‍ത്തിയാകാത്ത ഇരകളെ ഈ വിധത്തില്‍ ഇയാള്‍ ഉപയോഗിച്ചു. 26 പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് ഈ വിധത്തില്‍ ഉപയോഗിച്ചത്. ഇവരുടെ നഗ്ന ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ഇരകളെ നേരിട്ടി കണ്ടിട്ടില്ലെങ്കിലും ഇയാള്‍ ബലാല്‍സംഗത്തിനും ഭീഷണിപ്പെടുത്തിയുള്ള ലൈംഗികതയ്ക്കും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

ആദ്യമായാണ് ഇന്റര്‍നെറ്റിലൂടെയുള്ള ലൈംഗിക ചൂഷണത്തിന് സ്വീഡനില്‍ ഒരാള്‍ ശിക്ഷിക്കപ്പെടുന്നത്. ലൈംഗികബന്ധമുണ്ടായില്ലെങ്കിലും അതിനു സമാനമായ ചൂഷണം നടന്നിട്ടുണ്ടെങ്കില്‍ ബലാല്‍സംഗമായി പരിഗണിക്കുന്നതാണ് സ്വീഡനിലെ നിയമം. ചൂഷണം നടന്ന സമയത്ത് ഇരകളെല്ലാം 15 വയസില്‍ താഴെ പ്രായമുള്ളവരായിരുന്നു. സാംസ്റ്റോം ബലാല്‍സംഗക്കുറ്റം നിഷേധിച്ചെങ്കിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും 10 വര്‍ഷം തടവിന് വിധിക്കുകയുമായിരുന്നു. ഇരകളുടെ ലൈംഗിക വീഡിയോകള്‍ സൂക്ഷിച്ചതിനുള്ള കുറ്റവും ഇയാള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.