പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതി മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് കോടതി പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു വിമർശനം.
ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ കിടന്ന് ഒരു സംഘടനയുടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടത്തുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് പറയുന്നതിൽ കഴമ്പില്ലെന്നും സർക്കാർ ബോധിപ്പിച്ചു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിർത്താണ് വിജിലൻസ് കോടതിയിൽ വിവരം അറിയിച്ചത്.
മുസ്‌ലിം എഡ്യൂക്കേഷൻ സൊസൈറ്റിയിലേക്ക് മത്സരിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ഉദ്ദേശിക്കുന്നതെന്നും നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയതായും വിജിലൻസിനു വേണ്ടി സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.
വിജിലൻസിന്റെ വിശദീകരണം കേട്ടതോടെ കോടതി പ്രതിക്കെതിരെ തിരിഞ്ഞു. നോമിനേഷൻ നൽകാം എങ്കിൽ ജയിലിൽ പോകാനും തയ്യാറാകണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
‘ആരോഗ്യ കാരണം മാത്രം കണക്കിലെടുത്താണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നിങ്ങൾ ഇപ്പോൾ തിരഞ്ഞെടുപ്പിന് മത്സരിക്കാൻ ഉദേശിക്കുന്നതായി കാണുന്നു. നോമിനേഷൻ നൽകുന്നന്നത് ജയിലിൽ പോയിട്ടും ആകാം,’ കോടതി വ്യക്തമാക്കി.
മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് ബോധിപ്പിച്ചു. ആശുപത്രിയിൽ നിന്നാണ് നോമിനേഷനിൽ ഒപ്പിട്ടത്. വിദഗ്‌ധ ഡോക്ടർമാരുടെ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണം. കീഴ് കോടതിയിൽ ജാമ്യപേക്ഷ സമർപിച്ചിട്ടില്ല.ഒപ്പിടാനുള്ള പെർമിഷൻ മാത്രമാണ് ചോദിച്ചതെന്നും ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റും എന്ന് തോന്നുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.
സർക്കാരിന്റെ സത്യവാങ്‌മൂലത്തിന് മറുപടി നൽകാൻ ഇബ്രാഹിംകുഞ്ഞിനോട് കോടതി നിർദേശിച്ചു. കേസ് വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.
Leave a Reply