ഇംഗ്ലിഷ് കായിക പ്രേമികൾക്ക് ഇത് ഉത്സവകാലമാണ്. യുവേഫ ചാംപ്യൻസ് ലീഗ് കിരീടവും യൂറോപ്പ ലീഗ് കിരീടവും എന്തായാലും ഇംഗ്ലണ്ടിലെത്തുമെന്ന് ഉറപ്പാണ്. ഈ മാസം 29നു നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ ഇംഗ്ലിഷ് ക്ലബ്ബുകളായ ചെൽസിയും ആർസനലും ഏറ്റുമുട്ടുമ്പോൾ ജൂൺ ഒന്നിനു ചാംപ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ ലിവർപൂളും ടോട്ടനം ഹോട്സ്പറും കൊമ്പുകോർക്കുന്നു. ഇതിനിടയിൽ 30ന് ലോകകപ്പ് ക്രിക്കറ്റിന് ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ കൊടിയുയരുകയും ചെയ്യും.

ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ആതിഥേയ ടീമിനെക്കുറിച്ചു നാട്ടുകാർക്കു വലിയ പ്രതീക്ഷയാണ്. പലവട്ടം തെന്നിപ്പോയ ലോകകിരീടം ഇക്കുറി ലോർഡ്സിൽ ഇംഗ്ലിഷ് നായകൻ ഉയർത്തുമെന്നു തന്നെയാണ് അവരുടെ വിശ്വാസം. ഇംഗ്ലിഷ് ആരാധകരുടെ പ്രതീക്ഷകൾ അസ്ഥാനത്തല്ലെന്ന് ക്രിക്കറ്റിനെക്കുറിച്ചു ധാരണയുള്ള ആരും സമ്മതിക്കുകയും ചെയ്യും. ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ട്– പാക്കിസ്ഥാൻ ഏകദിന പരമ്പരയുടെ കാര്യമെടുക്കാം. പാക്കിസ്ഥാൻ തുടരെ നാലു തവണ മുന്നൂറിലേറെ റൺസ് കുറിച്ചു. പക്ഷേ, നാലു കളികളിലും ഇംഗ്ലണ്ട് അനായാസം ജയിച്ചു.

ഏകദിന ക്രിക്കറ്റിൽ ഒന്നാം റാങ്കിൽ തുടരുന്ന ഇംഗ്ലണ്ടിന്റെ മേധാവിത്തം അത്രമേൽ പ്രകടമാണ് സമീപകാലത്ത്. കണക്കുകൾ പ്രകാരം അവർക്ക് എന്തെങ്കിലും ഭീഷണി ഉയർത്താൻ സാധിക്കുന്ന ഏക ടീം ഇന്ത്യ മാത്രം. കഴിഞ്ഞ ലോകകപ്പ് കളിച്ചവരിൽ ക്യാപ്റ്റൻ മോർഗൻ, ജോസ് ബട്‌ലർ, ജോ റൂട്ട്, ക്രിസ് വോക്സ് എന്നിവർ ഇത്തവണ ഇംഗ്ലണ്ടിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടി.

ബാറ്റിങ് നിരയുടെ അസാമാന്യ പ്രഹരശേഷിയാണ് ഇംഗ്ലണ്ടിന്റെ മസിൽ പവർ. ഒന്നോ രണ്ടോ താരങ്ങളല്ല, മിക്കവരും വമ്പനടിക്കാരാണ്. ഓപ്പണർമാരായ ജെയ്സൻ റോയുടെയും ജോണി ബെയർസ്റ്റോയുടെയും നശീകരണ ശേഷി ഇന്ത്യയുടെ രോഹിത് ശർമ– ശിഖർ ധവാൻ ജോടിയെപ്പോലും വിസ്മയിപ്പിക്കും. പിന്നാലെ വരുന്നവരിൽ ക്യാപ്റ്റൻ മോർഗനും ബട്‌ലറും ബെൻ സ്റ്റോക്സും മോയിൻ അലിയുമെല്ലാം ഒന്നിനൊന്നു പ്രശ്നക്കാർ. അൽപമെങ്കിലും മയമുള്ള നിലപാട് പ്രതീക്ഷിക്കാവുന്നത് ക്ലാസിക് ശൈലി ഇനിയും കൈമോശം വരാത്ത മൂന്നാം നമ്പർ ബാറ്റ്സ്മാൻ ജോ റൂട്ടിൽനിന്നു മാത്രം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1979, 87, 92 ലോകകപ്പുകളിൽ കിരീടത്തിന് അടുത്തെത്തിയ ശേഷം രണ്ടാം സ്ഥാനക്കാരുടെ നെഞ്ചുരുക്കത്തോടെ മടങ്ങേണ്ടി വന്നതാണ് ഇംഗ്ലണ്ടിന്റെ ഭൂതകാലം. ആ ചരിത്രം തിരുത്തിയെഴുതാൻ ഇതിലും മികച്ച സമയമില്ല. ടീമിന്റെ ഫോമും ആതിഥേയരെന്ന നിലയുമെല്ലാം അനുകൂല ഘടകങ്ങളാണ്. ലോകകപ്പ് നേടി കളിജീവിതം അവിസ്മരണീയമാക്കാൻ സീനിയർ താരങ്ങളായ മോർഗൻ, ബട്‌ലർ, റൂട്ട് , വോക്സ് തുടങ്ങിയവർക്ക് മറ്റൊരു അവസരം ലഭിക്കുമോ എന്നും ഉറപ്പില്ല.

അന്തിമ ടീമിൽ വെസ്റ്റ് ഇൻഡീസ് വംശജനായ ഓൾറൗണ്ടർ ജോഫ്ര ആർച്ചർ ഉൾപ്പെട്ടില്ലെങ്കിൽ ബോളിങ് നിരയിലെ നിഗൂഢ ഘടകം നഷ്ടമാകും. പേസ് ബോളർമാരായ ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ടോം കറൻ എന്നിവരെല്ലാം ഭേദപ്പെട്ട ബോളർമാരണെങ്കിലും ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാദയെയോ ഇന്ത്യയുടെ ജസ്പ്രിത് ബുമ്രയെയോ പോലെ ഏതു ഘട്ടത്തിലും ഒരു പോലെ തിളങ്ങാൻ ശേഷിയുള്ളവരല്ല. ബാറ്റിങ് മികവിന്റെ തണലിലാണു പല കളികളിലും ബോളർമാർ പിടിച്ചു നിൽക്കുന്നത്.

ലഹരി മരുന്ന് ഉപയോഗത്തെത്തുടർന്ന് അലക്സ് ഹെയ്‌ൽസ് 15 അംഗ ടീമിൽനിന്നു പുറത്തായതു ടീമിന്റെ ഒരുമയെ ലോകകപ്പിൽ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന അമിത ആത്മവിശ്വാസം അപകടത്തിലേക്കു നയിച്ചാലും പ്രശ്നമാണ്. മികച്ച പ്രകടനത്തിനു ശേഷം അടുത്ത കളിയിൽ നിറം മങ്ങുന്ന പ്രവണത മുൻ ലോകകപ്പുകളിൽ ഇംഗ്ലണ്ടിന്റെ ദൗർബല്യമായിരുന്നു. പരുക്കിൽനിന്ന് അടുത്ത കാലത്തു മാത്രം മോചിതരായ താരങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയും ഉണ്ട്.