സിഡ്നി: വനിത ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയാണ് ആതിഥേയർ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. രണ്ടാം സെമിയിലും മഴ വില്ലനായപ്പോൾ ഭാഗ്യം ഓസ്ട്രേലിയയെ തുണച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 134 റണ്‍സ് നേടി. ക്യാപ്റ്റൻ മെഗ് ലാന്നിംഗിന്റെ പ്രകടനമാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 49 പന്തിൽ 49 റണ്‍സ് നേടിയ ലാന്നിംഗ് പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി ബെത്ത് മൂണി 28 റണ്‍സും അലിസ ഹീലി 18 റണ്‍സും നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ഖാക്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.
ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിനിടെയാണ് മഴ വില്ലനായത്. ഇതോടെ ഡക്ക്വർത്ത് ലൂയിസ് നിയമത്തിന്റെ അടിസ്ഥാനത്തിൽ 13 ഓവറിൽ 98 റണ്‍സായി വിജയലക്ഷ്യം പുനർനിശ്ചിയിച്ചു. മറുപടി ബാറ്റിംഗിൽ ലോറയുടെ ചെറുത്തുനിൽപ്പ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു ആശ്വാസമായത്. ലോറ 27 പന്തിൽ 41 റണ്‍സ് നേടി. സുനെ ലൂസ് 22 പന്തിൽ 21 റണ്‍സും നേടി. മറ്റാർക്കും ദക്ഷിണാഫ്രിക്കൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല.
Leave a Reply