അമേരിക്കയെ വിറപ്പിച്ച ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണ്‍ നഗരം ദുരിതക്കയത്തില്‍. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുന്ന ഇവിടെ രണ്ട് അണക്കെട്ടുകള്‍ കൂടി നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഹൂസ്റ്റണ്‍ നഗരം തന്നെ മുങ്ങിയേക്കാവുന്ന തരത്തിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടായേക്കാമെന്ന് യുഎസ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയതോടെ കടുത്ത ഭീതിയിലാണ് നഗരം.

ചുഴലിക്കാറ്റും വെള്ളപ്പൊക്കവും നാശം വിതച്ചതോടെ ഇവിടുത്തെ മലയാളി കുടുംബങ്ങളും കടുത്ത ഭീതിയിലാണ്. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകിയതോടെ ചീങ്കണ്ണികളും പാമ്പുകളുമൊക്കെ ഇവരുടെ താമസകേന്ദ്രങ്ങളില്‍ ഒഴുകിയെത്തിയതായാണ് റിപ്പോര്‍ട്ട്. പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകര്‍ന്നു.

ഹൂസ്റ്റണ്‍ വാസിയായ പ്രശസ്ത നടന്‍ ബാബു ആന്റണിയുടെ വീട്ടില്‍  ചീങ്കണ്ണിയും പെരുമ്പാമ്പും കയറിയതായി ബാബു ആന്റണിയുടെ സഹോദരന്‍ തമ്പി ആന്റണി ഫെയ്‌സ്ബുക്കില്‍ ചിത്രം സഹിതം പോസ്റ്റ്‌ ചെയ്തിരുന്നു. ബാബു ആന്റണിയും കുടുംബവും സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി മലയാളികള്‍ താമസിക്കുന്ന പ്രദേശമാണ് ഹൂസ്റ്റണ്‍.

തമ്പി ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വെള്ളിയാഴ്ചയാണ് മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തില്‍ ഹാര്‍വി ചുഴലിക്കാറ്റ് ടെക്‌സാസ് തീരത്തെത്തിയത്. 50 വര്‍ഷത്തിനിടെ ടെക്‌സാസ് സംസ്ഥാനം നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. ചുഴലിക്കാറ്റിന്റെ കരുത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും ഇതേ തുടര്‍ന്നുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് ഇപ്പോള്‍ നാശം വിതയ്ക്കുന്നത്. പതിനായിരങ്ങളെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരിക്കുന്നത്.