നാടിനെ നടുക്കിയ അരിക്കുളത്തെ 12കാരന്റെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്തെന്ന് പറയാതെ പ്രതി താഹിറ. അഹമ്മദ് ഹസ്സൻ റിഫായിയെ ഐസ്‌ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതൃസഹോദരി താഹിറയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, താഹിറ കൃത്യം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ് എന്നാണ് പോലീസ് നിഗമനം. ഹസ്സൻ റിഫായിയുടെ മാതാപിതാക്കളുൾപ്പെടെയുളളവരെ കൊലപ്പെടുത്താനാണ് പ്രതി താഹിറ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് കരുതുന്നത്. മരിച്ച കുട്ടിയുടെ പിതാവിന്റെ സഹോദരിയായ താഹിറ തന്റെ രക്തബന്ധത്തിലുള്ളവരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടെന്ന് പോലീസ് വിശ്വസിക്കുന്നുണ്ട്. എന്നാൽ പ്രേരിപ്പിച്ചതെന്താണ് എന്ന് താഹിറ വെളിപ്പെടുത്തിയിട്ടില്ല.

കൂടാതെ, സംഭവത്തിന് പിന്നിലെ ആസൂത്രണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ താഹിറയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നാളെ പോലീസ് കസ്റ്റഡി അപേക്ഷ നൽകുന്നുണ്ട്.

ഈ ദാരുണ സംഭവത്തിൽ കൂടുതൽ ആസൂത്രണം നടന്നെന്നാണ് പോലീസ് നിഗമനം. ഒരു കുടുംബത്തെ ഒന്നാകെ തന്നെ കൊലപ്പെടുത്താനാണ് താഹിറ ഐസ്‌ക്രീമിൽ വിഷം കലർത്തിയത്. എന്നാൽ, സംഭവ ദിവസം ഹസൻ മാത്രം ഐസ്‌ക്രീം കഴിച്ചിരുന്നുള്ളൂ. കൂടാതെ, മറ്റാരും വീട്ടിലില്ലാതിരുന്നതും വൻ ദുരന്തം ഒഴിവായി.

കുടുംബപ്രശ്‌നങ്ങൾ കാരണമാണ് സ്വന്തം സഹോദരന്റെ കുടുംബത്തെ ഇല്ലാതാക്കാൻ താഹിറയെ പ്രേരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതിനിടെ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. നാളെത്തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

താഹിറയ്ക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. സഹോദരൻ മുഹമ്മദലിയുടെ ഭാര്യയേയും കുട്ടികളേയും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ഐസ്‌ക്രീമിൽ എലിവിഷം ചേർത്ത് നൽകിയതെന്നു പ്രതി താഹിറ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിനായി കൃത്യമായ ആസൂത്രണം നടത്തിയെന്നുമാണ് പോലീസ് അനുമാനം.