ഇംഗ്ലീഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെയാണ് കൂടുതൽ ഇഷ്ടമെന്ന പറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ട ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ രൂക്ഷമായി വിമർശിച്ച് നടൻ സിദ്ധാർത്ഥ്. കോഹ്‌ലിയുടേത് ബുദ്ധിശൂന്യമായ വാക്കുകൾ ആണെന്നായിരുന്നു സിദ്ധാർത്ഥിന്റെ പ്രതികരണം. കിങ് കോഹ്‌ലി കിങ്ങായി തന്നെ തുടരണമെങ്കിൽ ചിന്തിച്ചിട്ടു മാത്രം സംസാരിക്കു. സിദ്ധാർത്ഥ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ നായകനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായി പോയി. കോഹ്‌ലിയുടെ സ്ഥാനത്ത് രാഹുൽ ദ്രാവിഡ് ആണെങ്കിൽ എങ്ങനെയായിരിക്കും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുകയെന്ന് ചിന്തിച്ചു മാത്രം ഭാവിയിൽ സംസാരിക്കു… സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു.
If you want to remain #KingKohli it may be time to teach yourself to think ‘What would Dravid say?’ before speaking in future. What an idiotic set of words to come from an #India #captain! https://t.co/jVsoGAESuM
— Siddharth (@Actor_Siddharth) November 8, 2018
രണ്ട് വർഷം മുമ്പ് ഓസ്ടേലിയൻ ഓപ്പൺ വിജയിച്ച ആഞ്ജെലിക് കെര്‍ബറിനെ അഭിനന്ദിച്ച് കോഹ്‌ലി ഇട്ട പോസ്റ്റും ആരാധകർ കുത്തിപ്പൊക്കി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വനിതാ ടെന്നീസ് താരമാണ് നിങ്ങൾ എന്ന കോഹ്‌ലിയുടെ ട്വീറ്റിന് താഴെ അതെന്താ ഇന്ത്യയിൽ വനിതാ ടെന്നീസ് താരങ്ങൾ ഇല്ലേ. അതെന്താ നിങ്ങൾക്ക് സാനിയ മിർസയെ ഇഷ്ടപ്പെട്ടാൽ. നിങ്ങൾ ജർമ്മനിയിലേയ്ക്ക് പോകുന്നതാണ് നല്ലത് എന്നും ആരാധകർ പറയുന്നു.
തന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തതിനു പിന്നാലെ പ്രസ്തുത ആപ്പിൽ ആരാധകരുമായി സംവദിക്കുമ്പോഴാണ് കോഹ്‌ലി വിവാദ പരാമര്‍ശം നടത്തിയത്. 30–ാം ജന്മദിനത്തിൽ പുറത്തിറക്കിയ ആപ്പിലൂടെ ആരാധകർക്ക് വിരാട് കോഹ്‌ലിക്ക് സന്ദേശമയക്കാനുള്ള അവസരമുണ്ടായിരുന്നു. ഇതിലൊന്ന് കോഹ്‌ലിയെ പ്രകോപിക്കുന്നതാവുകയും ചെയ്തു. ‘കോഹ്‌ലി അമിതമായി ആഘോഷിക്കപ്പെട്ട ഒരു കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റിങിൽ ഒരു പ്രത്യേകതയുമില്ല. ഇംഗ്ലിഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ ബാറ്റിങ് കാണുന്നതാണ് എനിക്കിഷ്ടം’ എന്നതായിരുന്നു സന്ദേശം.
ഇതു വായിച്ച കോഹ്‌ലി ‘‘ഓകെ. എങ്കിൽ നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ടവനല്ല. എന്തിനാണ് നിങ്ങൾ ഇവിടെ ജീവിച്ച് മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നത്…’’ എന്നിങ്ങനെ പ്രതികരിച്ചു. കോഹ്‌ലിയുടെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. കോഹ്‌ലിയുടെ ബാറ്റിങ് ഇഷ്ടമില്ലാത്തവർ രാജ്യം വിട്ടു പോകണമെന്ന പ്രസ്താവന അദ്ദേഹത്തിന്റെ ആരാധകർ പോലും അംഗീകരിച്ച മട്ടില്ല.
ഇതിലേക്ക് രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ കൂടി ചേർക്കുന്നുണ്ട് ചിലർ. കോഹ്‌ലി അസഹിഷ്ണുത രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരല്ലാത്ത തന്റെ ഫാൻസ് മുഴുവൻ ഇന്ത്യയിലേക്ക് വരണമെന്നാണോ കോഹ്‌ലി ആവശ്യപ്പെടുന്നതെന്ന് മറ്റൊരാൾ ചോദിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠങ്ങളും ചിലർ കോഹ്‌ലിയെ പഠിപ്പിക്കുന്നുണ്ട്.
Leave a Reply