ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ മുളകുവള്ളിയിലെ ബോയിസ് ഹൗസ് അനാഥമന്ദിരത്തിനു വേണ്ടി നടത്തിവരുന്ന ചാരിറ്റിയിലൂടെ ലഭിച്ച 1000 പൗണ്ടിന്റെ ചെക്ക് ബെര്‍മിംഗ്ഹാമില്‍ നിന്നും നാട്ടില്‍ പോയ ജെയ്‌മോന്‍ ജോര്‍ജ് ഇപ്പോള്‍ നാട്ടിലുള്ള ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശകസമിതി അംഗം ഡിജോ ജോണ്‍, ബാബു ജോസഫ്, സജു ജോസഫ് എന്നിവരുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായ ചടങ്ങില്‍ വച്ച് ഡിജോ ജോണിന്റെ കുട്ടി ജോഹന്‍ സിസ്റ്റര്‍ ലിസ് മേരിക്കു കൈമാറി. ഞങ്ങള്‍ ചാരിറ്റി കളക്ഷന്‍ അവസാനിപ്പിച്ചതിന് ശേഷം ഇപ്പോള്‍ നാട്ടിലുള്ള ഒരു ലിവര്‍പൂള്‍ മലയാളി ഫോണില്‍ വിളിച്ചു എന്റെ വക 200 പൗണ്ട് ആ കുട്ടികള്‍ക്ക് നല്‍കണം എന്നു അറിയിച്ചിട്ടുണ്ട്. ഈ പണം അടുത്ത മാസം നാട്ടില്‍ പോകുന്ന നെടുങ്കണ്ടം സ്വദേശിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിന്റെ കൈവശം കൊടുത്തുവിട്ടു സിസ്റ്ററിനു കൈമാറുമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.

ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുന്‍പ് വാങ്ങി കൊടുത്ത ടിവിയും പ്രിന്ററും ഇപ്പോള്‍ കൊടുത്ത 1200 പൗണ്ടും ഉള്‍പ്പെടെ 1,35,000 രൂപയോളം ശേഖരിച്ചു നല്‍കാന്‍ കഴിഞ്ഞു എന്നതില്‍ അത്യധികമായ സന്തോഷമുണ്ട്. അതിനു ഞങ്ങളെ സഹായിച്ച എല്ലാ നല്ല യുകെ മലയാളികളോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

തുടരെ തുടരെ ചെയ്യുന്ന ചാരിറ്റിയെ ആളുകള്‍ എങ്ങനെ കാണും എന്ന ഒരു സന്ദേഹം ഞങ്ങള്‍ക്കുണ്ടായിരുന്നതുകൊണ്ട് ഈ ചാരിറ്റി ഓണത്തിന് നടത്താനാണ് ഇടുക്കി ചാരിറ്റിയുടെ കമ്മറ്റിയില്‍ ആലോചിച്ചത്. എന്നാല്‍ നമ്മള്‍ ആ കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കമറ്റിയില്‍ നിലപാട് സ്വികരിച്ചു. കുറഞ്ഞത് നമുക്ക് ഒരു അന്‍പതിനായിരം രൂപ കൊടുക്കാന്‍ കഴിയും അതുകൊണ്ട് ചാരിറ്റി തുടങ്ങാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. ഞങ്ങള്‍ ഉദേശിച്ചതിലും വലിയ പിന്തുണയും സഹായവുമാണ് ഞങള്‍ക്കു നിങ്ങളില്‍ നിന്നും ലഭിച്ചത്.

സിസ്റ്റര്‍ ലിന്‍സ് മേരിയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട് സംസാരിച്ച വീഡിയോ സംഭാഷണം കേട്ട് യുകെയില്‍ നിന്നും ഗള്‍ഫില്‍നിന്നും നാട്ടില്‍ വന്ന ഒട്ടേറെപ്പേര്‍ അവിടെ വന്നു സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നു പറഞ്ഞു. അതുപോലെ തൊടുപുഴയില്‍ നിന്നും വന്ന ഒരു സ്ത്രീ എല്ലാ കുട്ടികള്‍ക്കും ടീഷര്‍ട്ട് വാങ്ങി തന്നുവെന്നും പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം വാഗ്ദാനം ലഭിക്കുന്നുണ്ട് എന്നു സിസ്റ്റര്‍ അറിയിച്ചു. വിദേശത്തുള്ളവര്‍ നാട്ടില്‍ വരുമ്പോള്‍ അവിടെ വന്നു കാണുമെന്നു പലരും ഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ അറിയിച്ചു. ഒരിക്കല്‍ കൂടി സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു