ഇടുക്കി: നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കില്ലെന്ന് മന്ത്രി എം.എം.മണി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയില്ല. അതുകൊണ്ടുതന്നെ നീരൊഴുക്ക് കാര്യമായി കുറഞ്ഞിട്ടുണ്ട്. അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അധികൃതരും അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
2396.12 അടിയാണ് നിലവില്‍ ഇടുക്കിയിലെ ജലനിരപ്പ്. രാവിലെ ആറു മണിക്ക് ശേഷം 0.2 അടിയുടെ ഉയര്‍ച്ച മാത്രമേ ഇതില്‍ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ രണ്ടു മൂന്ന് മണിക്കൂറുകളായി 2396.12 അടിയില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടുമില്ല. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് ഇത് കാണിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
അണക്കെട്ടില്‍ മന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും. അതിനു ശേഷം കളക്ട്രേറ്റില്‍ ഇതേക്കുറിച്ച് യോഗവും ചേരുന്നുണ്ട്. ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ഡാം സേഫ്റ്റി അതോറിറ്റി വിലയിരുത്തിയിരുന്നു. സംസ്ഥാനത്തെ ഡാമുകള്‍ എല്ലാം സുരക്ഷിതമാണെന്നും അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Leave a Reply