പ്രളയക്കെടുതിയിൽ കേരളം കരകയറാനുള്ള ശ്രമത്തിലാണ്. ദുരിതബാധിതരെ സഹായിക്കാൻ പ്രവാസികളടക്കം സജീവമായി രംഗത്തുണ്ട്. കാലവർഷക്കെടുതി ദുരന്തം വിതച്ച കേരളത്തിനു കൈത്താങ്ങായി ഒട്ടേറെ സുമനസ്സുകളും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകുമെന്നു ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി അറിയിച്ചു. ഒരു കോടി രൂപ നൽകുമെന്ന് കല്യാൺ ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. വീടു നഷ്ടപ്പെട്ടവർക്കു വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നു കല്യാൺ വീടുവച്ച് കൊടുക്കുമെന്നും ചെയർമാൻ ടി.എസ്.കല്യാണരാമൻ പറഞ്ഞു.
കാരുണ്യക്കരങ്ങള്‍ പലതും നീളുകയാണ് കേരളത്തിലേക്ക്. സഹോദരി അതിക്രൂരമായി കൊല്ലപ്പെട്ട നാട്ടിലേക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഇലിസ് സര്‍ക്കോണ എന്ന യുവതി. കേരളത്തില്‍ വെച്ച് ക്രൂര ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ്. ഇപ്പോള്‍ അയർലണ്ടിലുള്ള ഇലിസ് തന്റെ വരുമാനത്തിന്റെ ഒരു ഭാഗമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
ഈ ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന മലയാളികളോട് ഇലിസ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഈ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെയെന്നും വേഗം അതിജീവക്കട്ടെയെന്നും ആശംസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇലിസിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ”ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മൾ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോൾ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ശേഷമാണ് ഇലിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്.
ഈ വിഷമമേറിയ അവസ്ഥയിൽ കേരളീയർക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.
സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്”, മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
Leave a Reply