മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിലൂടെ ഒരു കാലത്ത് ശ്രദ്ധ നേടിയ വ്യക്തിയാണ് ഇബ്രാഹിംകുട്ടി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരൻ എന്ന നിലയിലാണ് മലയാളികൾക്ക് ഇദ്ദേഹത്തെ കൂടുതൽ അറിയുക. ഇബ്രാഹിംകുട്ടിയുടെ യൂ ട്യൂബ് വ്ലോകും ഏറെ ശ്രദ്ധേയമായാണ്. ഇബ്രുസ് ഡയറി ബൈ ഇബ്രാഹിംകുട്ടി എന്ന യൂ ട്യൂബ് ചാനലിൽ വളരെ രസകരമായ വീഡിയോകളാണ് അദ്ദേഹം ചെയ്യാറുള്ളത്. പുതിയ എപ്പിസോഡിൽ മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ എന്ന് സിനിമ പ്രേമികളും ആരാധകരും വിശേഷിപ്പിക്കുന്ന മോഹൻലാലിനെ കുറിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. ഒരു എപ്പിസോഡ് പൂർണ്ണമായും മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളിൽ ലഭിച്ച അനുഭവങ്ങളും ഇബ്രാഹിംകുട്ടി തുറന്ന് പറയുന്നുണ്ട്.

മോഹൻലാലിന്റെ വ്യക്തിത്വവും കുട്ടിത്തം മാറാത്ത ഭാവങ്ങളും ഏതൊരു വ്യക്തിയെ സ്വാധീനിക്കുമെന്ന് ഇബ്രാഹിംകുട്ടി വ്യക്തമാക്കി. നരസിംഹത്തിലെ മോഹൻലാലിനെക്കാൾ നാടോടികാറ്റിലെ മോഹൻലാലിനെ ആയിരിക്കും പലർക്കും ഇഷ്ടമെന്ന് അദ്ദേഹം പറയുകയുണ്ടായി. ക്ലൈമാക്സ് കാണാത്ത ഒരുപാട് മോഹൻലാൽ ചിത്രങ്ങൾ ഉണ്ടെന്നും ക്ലൈമാക്സിലെ കഥാപാത്രത്തിന്റെ പ്രകടനം കണ്ട് സങ്കടം വരും എന്ന് അറിയുന്നത്കൊണ്ടാണ് താൻ അത് കാണാത്തതെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു അഭിനയിച്ച ഒരുപാട് ചിത്രങ്ങളുടെ ലൊക്കേഷനിൽ പോകാൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. മോഹൻലാൽ നമ്മുടെ അടുത്ത് വന്നിട്ട് പോയാൽ ഒരു പ്രെസൻസ് കുറെ നേരത്തേക്ക് ഫീൽ ചെയ്യുമെന്നും ഒരുപാട് പോസിറ്റീവ് എനർജി നൽകുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഇബ്രാഹിംകുട്ടി വ്യക്തിമാക്കി.

മമ്മൂട്ടി ഷൂട്ട് കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ബാപ്പ സിനിമകളുടെ വിശേഷങ്ങൾ ചോദിക്കാതെ മോഹൻലാൽ കൂടെ ഉണ്ടായിരുന്നോ എന്നും അവന്റെ വീട്ടിലും ഇതുപോലെ അച്ഛനും അമ്മയും അവനെ കാത്തിരിപ്പുണ്ടായിരിക്കുമല്ലേ എന്ന് പലപ്പോഴായി പറയാറുണ്ടെന്ന് ഇബ്രാഹിംകുട്ടി തുറന്ന് പറയുകയുണ്ടായി. ഭഗവാൻ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് അഭിനയിക്കാൻ ഒരു ചമ്മൽ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.