സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ ലംഘനം നടത്തിയെന്നാരോപണത്തിൽ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്സ് ഇപ്പോൾ ഒരു വിവാദനായകനായി മാറിയിരിക്കുന്നു. ലോക്ക്ഡൗൺ സമയത്ത് ലണ്ടനിൽ നിന്നും 260 മൈൽ ദൂരം സഞ്ചരിച്ചതിൽ തനിക്ക് ഖേദമില്ലെന്ന് കമ്മിംഗ്സ് വെളിപ്പെടുത്തി. ഭാര്യയ്ക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് തന്റെ കുടുംബത്തെ ഡർഹാമിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ ബോറിസ് ജോൺസനോട് അത് പറഞ്ഞില്ലെന്നും താൻ ന്യായമായും നിയമത്തിൽ നിന്നുകൊണ്ടാണ് പ്രവർത്തിച്ചതെന്നും കമ്മിംഗ്സ് പറഞ്ഞു. ഡൗണിംഗ് സ്ട്രീറ്റ് റോസ് ഗാർഡനിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഡൊമിനിക്കിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. സ്വന്തം പാർട്ടിയിലെയും എതിർ പാർട്ടിയിലെയും അംഗങ്ങൾ അദ്ദേഹത്തിന്റെ രാജിക്കായി മുറവിളി കൂട്ടുന്നു. പത്രങ്ങളിൽ ദിവസങ്ങളോളം വിമർശനങ്ങൾ ഉണ്ടായിരുന്നിട്ടും രാജിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ ചെയ്തതിൽ എനിക്ക് ഖേദമില്ല.” കമ്മിംഗ്സ് തുറന്നുപറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്നെ കുറ്റകാരനാക്കിയ സംഭവത്തെ കുറിച്ച് കമ്മിംഗ്സ് പറയുന്നത് ഇപ്രകാരം ; “മാർച്ച് 27 ന് വെസ്റ്റ്മിൻസ്റ്ററിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ – പത്രപ്രവർത്തക മേരി വേക്ക്ഫീൽഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങി. അന്ന് വൈകുന്നേരം തന്നെ ഭാര്യയെയും മകനെയും ലണ്ടനിൽ നിന്ന് കൗണ്ടി ഡർഹാമിലേക്ക് കൊണ്ടുപോയി. മാതാപിതാക്കളുടെ കൃഷിയിടത്തിലെ കോട്ടേജിൽ താമസിച്ചു. മാർച്ച്‌ 28ന് കോവിഡ് ലക്ഷണങ്ങൾ വർധിച്ചു. ഏപ്രിൽ 3ന് ഭാര്യയെയും മകനെയും ആശുപത്രിയിൽ കൊണ്ടുപോയി. പിന്നീട് ഈസ്റ്റർ ഞായറാഴ്ച ഏപ്രിൽ 12ന് ബർണാഡ് കാസിൽ പട്ടണത്തിലേക്ക് യാത്ര ചെയ്തു. അത് തന്റെ കാഴ്ചശക്തി പരീക്ഷിക്കുന്നതിനായി വണ്ടി ഓടിച്ചതാണെന്ന് ഡൊമിനിക് പറഞ്ഞു. പിറ്റേദിവസം കുടുംബത്തെ ലണ്ടനിലേക്ക് തിരികെ കൊണ്ടുവന്നു.” ലോക്ക്ഡൗൺ ആരംഭിച്ച് നാല് ദിവസത്തിന് ശേഷം കാർ യാത്ര നടത്തിയതിന് കമ്മിംഗ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ചില കൺസർവേറ്റീവ് എംപിമാർ ഉൾപ്പെടെ നിരവധി പേർ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിംഗ്സ് വ്യക്തമായി നിയമങ്ങൾ ലംഘിച്ചുവെന്ന് ലേബർ പാർട്ടി പറഞ്ഞു.

അതേസമയം ആരോപണങ്ങൾ ഉയർന്നുവന്നിട്ടും തന്റെ വിശ്വസ്ത സഹായിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം കാമുകിയെ സന്ദർശിക്കാനായല്ല യാത്ര ചെയ്തതെന്ന് ജോൺസൻ പറഞ്ഞു. കമ്മിംഗ്സ് രണ്ട് തവണ യാത്ര ചെയ്തതിന് ദൃക്‌സാക്ഷികളുണ്ട്. ഒപ്പം ചില പ്രമുഖ പത്രങ്ങളും ഈ വിവരം റിപ്പോർട്ട്‌ ചെയ്തിരുന്നു. കമ്മിംഗ്സ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന് പൊതുജനങ്ങളും വിശ്വസിക്കുന്നതായി ഒരു യൂഗോവ് വോട്ടെടുപ്പിൽ കണ്ടെത്തി. “അദ്ദേഹത്തിന്റെ യാത്രയ്ക്ക് വ്യക്തമായ കാരണം ഉണ്ടായിരുന്നു. ഡൊമിനിക് മാർഗനിർദേശം അനുസരിച്ചു പ്രവർത്തിക്കുകയും കുടുംബത്തെ പരിപാലിക്കുകയുമായിരുന്നു. ” ജോൺസൻ കൂട്ടിച്ചേർത്തു. എന്തായാലും മുഖ്യ ഉപദേഷ്ടാവിന്റെ ലോക്ക്ഡൗൺ ലംഘനത്തെ തുടർന്ന് പൊതുജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയർന്നുവരികയാണ്.