ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേയ്ക്ക് കുടിയേറുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർദ്ധനവ് ഇന്ന് മുതൽ നിലവിൽ വരും. ഹോം ഓഫീസ് ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ നേരത്തെ നൽകിയിരുന്നു. നേരത്തെ പ്രതിവർഷം 624 പൗണ്ട് ആയിരുന്ന സർ ചാർജ് 1035 പൗണ്ട് ആയാണ് വർദ്ധിക്കുന്നത്.
66 ശതമാനം വർദ്ധനവ് നിലവിൽ വരുന്നത് യുകെയിലേയ്ക്ക് കുടിയേറുന്ന കുടുംബങ്ങളെ സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടിലാക്കുമെന്ന് തീർച്ചയാണ്. കുട്ടികൾ, വിദ്യാർത്ഥികൾ, അവരുടെ ആശ്രിതർ, യൂത്ത് മൊബിലിറ്റി വിസയിൽ എത്തിയ തൊഴിലാളികൾ എന്നിവർക്കുള്ള നിരക്ക് പ്രതിവർഷം 470 പൗണ്ടിൽ നിന്ന് 776 പൗണ്ട് ആയാണ് വർദ്ധിക്കുന്നത്.
യുകെയിലേയ്ക്ക് വിസയ്ക്കുള്ള അപേക്ഷയ്ക്കൊപ്പം ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് മുൻകൂറായി നൽകണം. ഇത് കൂടാതെ യുകെയിൽ താമസിക്കുമ്പോൾ വിസ പുതുക്കലിനും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് പ്രതിവർഷം നൽകേണ്ടതായി വരും. ഒരു സാധാരണ കുടിയേറ്റ കുടുംബത്തിന് ഇത് ഭാരിച്ച ബാധ്യതയാകുമെന്ന വിമർശനം ശക്തമാണ്. യുകെ മലയാളികളിൽ പലരും മാതാപിതാക്കളെ ആറുമാസത്തേയ്ക്ക് യുകെയിലേയ്ക്ക് കൊണ്ടുവരാറുണ്ട്. വിസ പുതുക്കലിന് ഭാരിച്ച തുക വേണ്ടി വരുന്നതു മൂലം പലരും ഇനി കുടുംബാംഗങ്ങളെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നത് ഒഴിവാക്കുന്നതാണ് സർചാർജ് കൂട്ടിയതിന്റെ അനന്തരഫലം.
ഇന്ന് മുതൽ മുതിർന്നവരിൽ ഒരാൾക്ക് മൂന്ന് മുതൽ അഞ്ചു വർഷം വരെയുള്ള വിസകൾക്ക് പ്രതിവർഷം 3105 പൗണ്ടും 5 വർഷത്തെ വിസയ്ക്ക് 5175 പൗണ്ടും നൽകേണ്ടിവരും. കുട്ടികൾക്ക് ഇത് യഥാക്രമം 2328 പൗണ്ടും 3880 പൗണ്ടും ആണ്. ഭാര്യയും ഭർത്താവും മാത്രം അടങ്ങുന്ന ഒരു കുടുംബത്തിന് യഥാക്രമം മൂന്ന് മുതൽ 5 വർഷം വരെയുള്ള കാലത്തേയ്ക്ക് 6210 പൗണ്ട് സർചാർജ് ആയി കണ്ടെത്തേണ്ടി വരും.
Leave a Reply