ബ്രിട്ടീഷ് ജനതയ്ക്ക് ആശങ്കയുണ്ടാക്കുന്ന പ്രഥമ വിഷയമായി ആരോഗ്യം മാറുന്നുവെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പഠനം. മുന്‍പന്തിയിലുണ്ടായിരുന്ന കുടിയേറ്റത്തെയാണ് ആരോഗ്യം പിന്നിലാക്കിയിരിക്കുന്നത്. ഈ മാസം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് രാജ്യം പിന്‍വാങ്ങാനിരിക്കെയാണ് പുതിയ കണക്കുകള്‍ ഒഎന്‍എസ് പുറത്തു വിട്ടിരിക്കുന്നത്. ജനങ്ങളുടെ സന്തുഷ്ടിയുടെ നിരക്കു വര്‍ദ്ധിക്കുകയും മുന്‍ഗണനാ വിഷയങ്ങളില്‍ മാറ്റമുണ്ടാകുകയും ചെയ്തതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെ ജനതയുടെ ക്ഷേമവും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ ജനതയുടെ ക്ഷേമവുമായി താരതമ്യം ചെയ്യുന്ന പഠന റിപ്പോര്‍ട്ടാണ് ‘മെഷറിംഗ് നാഷണല്‍ വെല്‍ ബീയിംഗ് ഇന്‍ ദി യുകെ; ഇന്റര്‍നാഷണല്‍ കംപാരിസണ്‍സ്, 2019’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2016 സ്പ്രിംഗില്‍ കുടിയേറ്റമായിരുന്നു ബ്രിട്ടീഷ് ജനതയുടെ പ്രധാന പരിഗണനാ വിഷയം.

ആരോഗ്യം, സാമൂഹ്യ സുരക്ഷ, തീവ്രവാദം എന്നിവയായിരുന്നു ഇതിനു പിന്നാലെയുണ്ടായിരുന്നവ. 2018 സ്പ്രിംഗ് എത്തിയപ്പോള്‍ ആരോഗ്യവും സോഷ്യല്‍ സെക്യൂരിറ്റിയും കുടിയേറ്റത്തിലുള്ള ബ്രിട്ടീഷ് ജനതയുടെ ആശങ്കയെ കവച്ചുവെച്ച് മുന്നിലെത്തി. ഇതിനു പിന്നാലെ ഹൗസിംഗ്, നാണ്യപ്പെരുപ്പം, ജീവിതച്ചെലവുകള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും എത്തി. ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന മാറ്റങ്ങളായിരിക്കാം ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കുടിയേറ്റം ബ്രിട്ടീഷ് ജനതയ്ക്ക് എന്നും ആശങ്കയുണ്ടാക്കുന്ന വിഷയം തന്നെയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് അഫയേഴ്‌സിന്റെ ലൈഫ്‌സ്റ്റൈല്‍ ഇക്കണോമിക്‌സ് തലവന്‍ ക്രിസ്റ്റഫര്‍ സ്‌നോഡന്‍ പറയുന്നു. ബ്രെക്‌സിറ്റ് കുടിയേറ്റം കുറയ്ക്കുമെന്നാണ് ഇവര്‍ കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രെക്‌സിറ്റോടെ ബ്രിട്ടന് സ്വന്തം അതിര്‍ത്തികളില്‍ അധികാരം തിരിച്ചു കിട്ടുമെന്ന് കരുതുന്നതിനാലാണ് പഴയ വിഷയങ്ങളായ ആരോഗ്യം, എന്‍എച്ച്എസ്, സാമൂഹ്യ സുരക്ഷ, അതിന്‍മേലുള്ള ബജറ്റ് എന്നിവയിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2016ല്‍ ആശങ്ക ഉയര്‍ത്തുന്ന പ്രധാന വിഷയമായി കുടിയേറ്റമാണെന്ന് 38 ശതമാനം ബ്രിട്ടീഷുകാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആരോഗ്യത്തിനു സാമൂഹ്യസുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയത് 26 ശതമാനമായിരുന്നു. 2018 ആയപ്പോള്‍ ഇത് നേരേ തിരിയുകയും ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവ ആശങ്കയുണ്ടാക്കുന്നുവെന്ന് 33 ശതമാനം പേര്‍ അഭിപ്രായപ്പെടുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനിലെ ആശങ്കാ വിഷയങ്ങള്‍ തൊഴിലില്ലായ്മയും ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവയുമാണ്.