നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ സ്വദേശികളായ രണ്ട് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്‌ട്രേറ്റ് കോടതിയിലെത്തി മൊഴി രേഖപ്പെടുത്തിയ ഇവരെപറ്റി കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. പള്‍സര്‍ സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയതിന് ദൃക്‌സാക്ഷികളായവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ദിലീപ് അഭിനയിച്ച ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനായിരുന്ന കിണറ്റിന്‍കര ഹെല്‍ത്ത് ക്ലബ്ബിലെത്തി മുഖ്യപ്രതി പള്‍സര്‍ സുനി താരത്തെ കണ്ടതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു. സെറ്റില്‍ വച്ച് ദിലീപിനൊപ്പം എടുത്ത സെല്‍ഫിയില്‍ പള്‍സര്‍ സുനിയും ഉള്‍പ്പെട്ടിരുന്നു. ഈ ലൊക്കേഷനിലുണ്ടായിരുന്നവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെയോ അല്ലെങ്കില്‍ കിണറ്റിന്‍കര ഹെല്‍ത്ത് ക്ലബ്ബിലെ ജീവനക്കാരുടെയോ മൊഴിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, കേസില്‍ ഏറെ നിര്‍ണായകമായ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയതെന്നാണ് വിവരം. അറസ്റ്റിലായ പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്നത് കണ്ടുവെന്നത് കോടതിയില്‍ തെളിയിക്കാന്‍ ഇപ്പോഴത്തെ മൊഴി ഏറെ സഹായകമാകും.