തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്.
അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണം. മറ്റുള്ളവര്‍ സത്യവാങ്മൂലം കരുതണം. പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. ഇതിന് സത്യവാങ്മൂലം നിര്‍ബന്ധമാണ്. ജില്ല വിട്ടുള്ള യാത്ര പരമാവധി ഒഴിവാക്കണം.
പ്രാദേശികതലത്തിലെ ആവശ്യങ്ങള്‍ പരിഗണിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ ആവശ്യമായ നിയന്ത്രണങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണ്.
	
		

      
      



              
              
              




            
Leave a Reply