മുംബൈ: ദുരൂഹസാഹചര്യത്തില്‍ മരിച്ച നടന്‍ സുശാന്ത് സിങ് രജ് പുത്തിനെപ്പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്‍കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി. മയക്കുമരുന്നിനായി സുശാന്ത് അടുപ്പക്കാരെയെല്ലാം മുതലെടുത്തെന്നും മയക്കുമരുന്ന് കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) തന്നെ വേട്ടയാടുകയാണെന്നും മുംബൈ ജയിലില്‍ കഴിയുന്ന റിയ രണ്ടാം ജാമ്യാപേക്ഷയില്‍ ആരോപിച്ചു.

സുശാന്ത് മാത്രമാണു മയക്കുമരുന്ന് ഉപയോഗിച്ചിരുന്നത്. അതു സംഘടിപ്പിക്കാന്‍ സ്വന്തം ജോലിക്കാരെ ഉപയോഗിക്കുകയായിരുന്നു. അദ്ദേഹം സ്ഥിരമായി കഞ്ചാവ് വലിക്കുമായിരുന്നു. ”കേദാര്‍നാഥ്” സിനിമയുടെ ചിത്രീകരണം മുതലാണ് ആ ശീലം ആരംഭിച്ചത്. സുശാന്ത് ജീവിച്ചിരുന്നെങ്കില്‍ ചെറിയതോതിലുള്ള മയക്കുമരുന്ന് ഉപയോഗത്തിനു പരമാവധി ഒരുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളേ ചുമത്തപ്പെടുമായിരുന്നുള്ളൂ.

മയക്കുമരുന്ന് സംഘടിപ്പിക്കാന്‍ തന്നെയും സഹോദരന്‍ ഷോവിക്കിനെയും വീട്ടുജോലിക്കാരെയും അദ്ദേഹം ഉപയോഗിച്ചു. ഇക്കാര്യത്തില്‍ ഒരു കടലാസ് കഷണത്തിന്റെ രൂപത്തിലോ ഇലക്‌ട്രോണിക് രൂപത്തിലോ ഒരു തെളിവുമില്ലാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. കുടുംബാംഗങ്ങളുമായി അദ്ദേഹം അകല്‍ച്ചയിലായിരുന്നു. വിഷാദരോഗത്തിന്റെ മൂര്‍ധന്യത്തില്‍ സഹോദരിമാര്‍ സുശാന്തിനെ ഉപേക്ഷിച്ചുപോയെന്നും റിയ ആരോപിച്ചു.

കസ്റ്റഡിയിലിരിക്കേ, എന്‍.സി.ബി. നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നെന്നും ഇക്കാര്യം മുമ്പു കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും റിയയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു. തന്റെ പക്കല്‍നിന്നു മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ല. എന്‍. സി.ബി. കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു. വ്യക്തമായ ഒരു തെളിവും ഹാജരാക്കാന്‍ ഏജന്‍സിക്കു കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായ മൂന്നുദിവസം എന്‍.സി.ബി. ചോദ്യംചെയ്തപ്പോള്‍ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നില്ല.

കഴിഞ്ഞ കുറേ മാസങ്ങളായി ഭീഷണിയുള്ളതിനാല്‍ ജയിലില്‍ തന്റെ ജീവന്‍ അപകടത്തിലാണ്. റിയയ്ക്ക് 28 വയസ് മാത്രമാണുള്ളതെന്നും മൂന്ന് അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യലും മാധ്യമവിചാരണയും നേരിട്ട അവരുടെ മാനസികനില ദുര്‍ബലമാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. കസ്റ്റഡി തുടര്‍ന്നാല്‍ അവസ്ഥ കൂടുതല്‍ വഷളാകും. മുംബൈയില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണം.

അന്വേഷണ ഏജന്‍സികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചോദ്യംചെയ്യാം. രക്ഷപ്പെടാനോ അന്വേഷണത്തെ സ്വാധീനിക്കാനോ ശ്രമിക്കില്ലെന്നും ജാമ്യപേക്ഷയില്‍ വ്യക്തമാക്കി. റിയയുടെയും സഹോദരന്‍ ഷോവിക്കിന്റെയും ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്നു പരിഗണിക്കും.