ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഏകദേശം 1.49 ദശലക്ഷം കുട്ടികൾ ഏതെങ്കിലും രീതിയിലുള്ള പഠന വൈകല്യങ്ങളും പ്രത്യേകമായ പരിഗണനയും വേണ്ടവരാണ്. ഇത് യുകെയിലെ മൊത്തം കുട്ടികളുടെ എണ്ണത്തിന്റെ 16 ശതമാനത്തോളമാണ്. രാജ്യമൊട്ടാകെ 355,500 കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസ, ആരോഗ്യപരിചരണ പദ്ധതികൾ നൽകുന്നുണ്ട്. ഡിസബിലിറ്റി ലിവിംഗ് അലവൻസ് (ഡിഎൽഎ) പോലെയുള്ള സാമ്പത്തിക സഹായം പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് ലഭ്യമാണ്. പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ 41ശതമാനം പേരും മുഖ്യധാര സ്കൂളുകളിലാണ് പഠിക്കുന്നത്. ബാക്കിയുള്ള കുട്ടികൾ സ്പെഷ്യൽ സ്കൂളുകളിൽ ആണ് പഠിക്കുന്നത് . യുകെയിൽ എല്ലാ വിഭാഗം കുട്ടികളും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


എന്നാൽ ഇത്തരം കുട്ടികൾക്കുള്ള സർക്കാർ തലത്തിൽ നൽകുന്ന പിന്തുണ അപര്യാപ്തമാണെന്നുള്ള വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളും വൈകല്യങ്ങളുമുള്ള കുട്ടികളുടെ നാലിൽ മൂന്ന് മാതാപിതാക്കളും ജോലി ഉപേക്ഷിക്കാനോ അല്ലെങ്കിൽ അവരുടെ സമയം വെട്ടിക്കുറയ്ക്കാനോ നിർബന്ധമാക്കപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 500-ലധികം ആളുകളിൽ നടത്തിയ ഒരു സർവേയിൽ, അഞ്ചിൽ രണ്ടുപേർക്ക് (40%) ജോലി ഉപേക്ഷിക്കേണ്ടിവന്നു, മൂന്നിൽ ഒരാൾക്ക് (33%) അവരുടെ സമയം കുറച്ചു. ലോക്കൽ കൗൺസിലുകളുടെ സഹായത്തിന്റെ അഭാവം മൂലമാണ് ഈ പ്രശ്നങ്ങൾക്ക് മൂല കാരണമെന്ന വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത്. തൊഴിലുടമകൾ ഇത്തരം കുട്ടികളുടെ മാതാപിതാക്കളോട് അനുഭവപൂർണ്ണമായ സമീപനം സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം പരക്കെ ഉയർന്നു വന്നിട്ടുണ്ട്.


സപ്പോർട്ട് സെൻഡ് കിഡ്‌സ് എന്ന ചാരിറ്റിയുമായി ചേർന്ന് സ്‌കൈ ന്യൂസ് പ്രത്യേകം നിയോഗിച്ച സർവേയാണ് ഈ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. കുട്ടികളോട് ബന്ധപ്പെട്ട പ്രശ്നങ്ങൾ സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നതെന്നും സർവേ ഫലം പറയുന്നു. തൻറെ മകൾ ഹാരിയറ്റിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ അവരുടെ നേഴ്സറിക്ക് സാധിക്കുന്നില്ലെന്ന തിരിച്ചറിഞ്ഞതോടെയാണ് അവരുടെ അമ്മ അബി ഗെയ്ൻ ബേറ്റ്സിസിന് ജോലി ഉപേക്ഷിക്കേണ്ടി വന്നത്. രണ്ട് വയസ്സുകാരിയായ ഹാരിയറ്റിന് ഓട്ടിസം, സെൻസറി പ്രോസസ്സിംഗ് ഡിസോർഡർ എന്നീ വിഷമതകളുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ പെട്ട് ജോലി ഉപേക്ഷിക്കേണ്ടി വരുന്ന പല കുടുംബങ്ങളും സാമ്പത്തികമായി ബുദ്ധിമുട്ടിലായിട്ടുണ്ട്. ഹാരിയറ്റിന് സ്പെഷ്യൽ സ്കൂളിൽ നിന്ന് കിട്ടുന്ന സേവനം ദിവസത്തിൽ മൂന്ന് മണിക്കൂർ മാത്രമാണ്. പ്രത്യേക ആവശ്യങ്ങൾ ഉള്ള കുട്ടികളെ സ്പെഷ്യൽ സ്കൂളുകൾ പരിചരിക്കുന്ന സമയത്തു മാത്രമേ മാതാപിതാക്കൾക്ക് ജോലിക്ക് പോകാൻ സാധിക്കുകയുള്ളൂ. സ്പെഷ്യലിസ്റ്റ് പ്രൊവിഷൻ ഇല്ലാത്തതിനാൽ ജോലി ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം സമ്പദ്‌വ്യവസ്ഥയ്ക്ക് ഹാനികരമാണെന്ന് ന്യൂ ഇക്കണോമിക്‌സ് ഫൗണ്ടേഷൻ്റെ പോളിസി ആൻഡ് അഡ്വക്കസി ഡയറക്ടർ ഹന്ന പീക്കർ പറഞ്ഞു.