ഇന്‍റർനെറ്റ്​ നിരോധനം മുതൽ കർഷക സമരം വരെ…! യു.എൻ മനുഷ്യാവകാശ റിപ്പോർട്ടിൽ ഇന്ത്യക്ക്​ രൂക്ഷ വിമർശനം

ഇന്‍റർനെറ്റ്​ നിരോധനം മുതൽ കർഷക സമരം വരെ…! യു.എൻ മനുഷ്യാവകാശ റിപ്പോർട്ടിൽ ഇന്ത്യക്ക്​ രൂക്ഷ വിമർശനം
February 27 17:15 2021 Print This Article

കർഷക സമരം, മാധ്യമപ്രവർത്തകർക്കെതിരായ രാജ്യദ്രോഹക്കുറ്റം ചുമത്തൽ, സമൂഹമാധ്യമങ്ങൾക്ക്​ നിയന്ത്രണം, ഇന്‍റർനെറ്റ്​ വിച്ഛേദനം തുടങ്ങി ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ വർധിക്കുന്നതായി യു.എൻ. വെള്ളിയാഴ്ച മനുഷ്യാവകാശ കൗൺസിലിന് നൽകിയ റിപ്പോർട്ടിൽ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാഷലെറ്റാണ്​ വിമർശനം ഉന്നയിച്ചത്​. സ്പെയിൻ മുതൽ സുഡാൻ വരെയുള്ള 50 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് ബാഷലെറ്റ് തന്‍റെ വാക്കാലുള്ള റിപ്പോർട്ടിൽ ആശങ്ക അറിയിച്ച​ു.

ഇന്ത്യയെക്കുറിച്ചുള്ള ഭാഗത്ത് കർഷകരുടെ പ്രതിഷേധം അവർ എടുത്തുപറഞ്ഞു. ‘നിയമങ്ങളും നയങ്ങളും ബന്ധപ്പെട്ടവരുമായുള്ള അർഥവത്തായ കൂടിയാലോചനകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതിന്‍റെ പ്രാധാന്യവും’ അവർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കർഷകരുടെയും കേന്ദ്രത്തി​േന്‍റയും സംഭാഷണ ശ്രമങ്ങൾ കാരണം ഈ പ്രതിസന്ധിക്ക് തുല്യമായ പരിഹാരം ഉണ്ടാകുമെന്ന്​ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

പ്രതിഷേധം റിപ്പോർട്ടുചെയ്യുന്നതിനോ അഭിപ്രായം പറയുന്നതിനോ മാധ്യമപ്രവർത്തകർക്കുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും സോഷ്യൽ മീഡിയയിൽ അഭിപ്രായ സ്വാതന്ത്ര്യം തടയാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നത് ​അടിസ്​ഥാന മനുഷ്യാവകാശ തത്വങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നും ഇത്​ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും റിപ്പോർട്ട്​ പറയുന്നു. ട്രാക്ടർ റാലിയെക്കുറിച്ച് ‘സ്ഥിരീകരിക്കാത്ത’ വാർത്തകൾ പങ്കുവെച്ചതിന് ബിജെപി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളെങ്കിലും മാധ്യമപ്രവർത്തകർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

ആരോപണങ്ങൾ റിപ്പോർട്ട് ചെയ്തതിന് ദി വയർ, സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ, റിപ്പോർട്ടർ ഇസ്മത് അറ എന്നിവർക്കെതിരെയും എഫ്‌ഐആർ ഫയൽ ചെയ്തു. ജനുവരി 26 ന് നടന്ന ട്രാക്ടർ റാലിയിൽ നവരീത് സിങിന്‍റെ മരണത്തെക്കുറിച്ച് റിപ്പോർട്ട്​ ചെയ്​തതിനാണിത്​. കർഷകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് സ്വതന്ത്ര പത്രപ്രവർത്തകനായ മന്ദീപ് പുനിയയെ സിംഘു അതിർത്തിയിൽ അറസ്റ്റ് ചെയ്തു. കർഷകരുടെ പ്രതിഷേധത്തിൽ സജീവമായി പോസ്റ്റുചെയ്യുന്ന ട്വീറ്റുകളും ഹാൻഡിലുകളും തടയാൻ കേന്ദ്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. കാരവൻ മാസിക, കർഷകരുടെ പ്രതിഷേധ കൂട്ടായ്​മയായ കിസാൻ ഏക്താ മോർച്ച, നിരവധി സ്വതന്ത്ര പത്രപ്രവർത്തകർ എന്നിവരുടെ അക്കൗണ്ടുകൾ ഇതിൽ ഉൾപ്പെടുന്നു. റിപ്പോർട്ടിനെ പ്രതിരോധിച്ച്​ സർക്കാർ പ്രതിനിധി രംഗത്തെത്തി.

കർഷകരുടെ വരുമാനം 2024 ഓടെ ഇരട്ടിയാക്കാനാണ് ഇന്ത്യൻ സർക്കാർ ലക്ഷ്യമിട്ടതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഇന്ദ്ര മണി പാണ്ഡെ പറഞ്ഞു. ‘കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഉദ്ദേശ്യം കർഷകർക്ക് അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് മികച്ച വില കിട്ടാനും വരുമാനം വർധിപ്പിക്കാനും പ്രാപ്തമാക്കകനാണ്. നിയമങ്ങൾ ചെറുകിട കർഷകർക്ക് ഏറെ ഗുണം ചെയ്യും. കർഷകരുടെ പ്രതിഷേധത്തോട് സർക്കാർ വളരെയധികം ആദരവ് പ്രകടിപ്പിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അവരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു’ -അവർ പറഞ്ഞു.

അതേസമയം കേരളത്തിൽ നിന്നുള്ള പൈലറ്റ് പ്രോഗ്രാമിന്‍റെ അനുഭവത്തെ ബാഷലെറ്റ് അഭിനന്ദിച്ചു. ‘ഉദ്യോഗസ്ഥരും സിവിൽ സൊസൈറ്റി സംഘടനകളും കമ്മ്യൂണിറ്റി നേതാക്കളും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പാർശ്വവത്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അവരുടെ ആവശ്യങ്ങൾ പരിഹരിക്കുകയും ചെയ്യുന്നതായും’ അവർ പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles