ന്യൂസ് ഡെസ്ക്, മലയാളം യുകെ
50 വയസ്സിന് താഴെയുള്ളവരിൽ കുടൽ ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവെന്ന് പഠന റിപ്പോർട്ട്. ഇംഗ്ലണ്ടിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗ ബാധിതരുടെ എണ്ണത്തിൽ വേഗതയിലുള്ള വർദ്ധനവ് കാണുന്നതായും റിപ്പോർട്ടിൽ പറയുന്നു. യൂറോപ്പ്, നോർത്ത് അമേരിക്ക, ഏഷ്യയിലേക്കും ഓഷ്യാനിയ എന്നിവിടങ്ങളിലെ യുവജനങ്ങളുടെ ഇടയിൽ കുടൽ അർബുദം കൂടുതലായി കാണുന്നതായി ഡോക്ടർമാർ പറയുന്നു.
പരിശോധിച്ച 50 രാജ്യങ്ങളിൽ 27 എണ്ണത്തിലും രോഗബാധിതരായ യുവജനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് കണ്ടെത്തി. ന്യൂസിലൻഡ് (4%), ചിലി (4%), പ്യൂർട്ടോ റിക്കോ (3.8%), ഇംഗ്ലണ്ട് (3.6%) എന്നീ രാജ്യങ്ങളിലാണ് ഏറ്റവും വലിയ വാർഷിക വർദ്ധനവ് രേഖപ്പെടുത്തിയത്. രോഗബാധിതരുടെ എണ്ണത്തിലെ വർദ്ധനവിന് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാനുള്ള പ്രാരംഭ ഘട്ടത്തിലാണ് വിദഗ്ധർ ഇപ്പോൾ. ലാൻസെറ്റ് ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൻ്റെ രചയിതാക്കൾ, ജങ്ക് ഫുഡിൻ്റെ ഉപഭോഗം, ഉയർന്ന അളവിലുള്ള ശാരീരിക നിഷ്‌ക്രിയത്വം, പൊണ്ണത്തടി തുടങ്ങിയവ ഇതിന് കാരണമാകാം എന്ന് പറയുന്നു.
നേരത്തെ ഉയർന്ന വരുമാനമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ കുടൽ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കണ്ടിരുന്നെങ്കിൽ ഇപ്പോൾ ഇതൊരു ആഗോള പ്രതിഭാസമായി മാറിയിരിക്കുകയാണെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റിയിലെ ക്യാൻസർ നിരീക്ഷണ ഗവേഷണത്തിലെ സീനിയർ പ്രിൻസിപ്പൽ സയൻ്റിസ്റ്റും പഠനത്തിൻ്റെ മുഖ്യ രചയിതാവുമായ ഹ്യൂന സുങ് പറയുന്നു. പഠന റിപ്പോർട്ടിൽ 50 രാജ്യങ്ങളിൽ 27 എണ്ണത്തിലും 25 നും 49 നും ഇടയിൽ പ്രായമുള്ളവരിൽ കുടൽ ക്യാൻസർ നിരക്ക് ഉയർന്നതായി കണ്ടെത്തി.
Leave a Reply