ബർലിനിലെ മ്യൂസിയത്തിൽനിന്നും 100 കിലോയുടെ (221 പൗണ്ട്) സ്വർണനാണയം മോഷണം പോയി. കോടിക്കണക്കിന് രൂപമൂല്യം വരുന്ന സ്വർണനാണയം ഉന്തുവണ്ടിയും കയറും ഉപയോഗിച്ചാണ് മോഷ്ടാക്കൾ കൊണ്ടുപോയത് എന്നാണ് പൊലീസ് നൽകുന്ന സൂചന. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ നാണയമാണിത്. രണ്ടുപേരാണ് സംഭവത്തിന് പിന്നിലുള്ളതെന്നാണ് കരുതുന്നത്.
തിങ്കളാഴ്ച രാവിലെ ഏണിയുമായി എത്തിയ മോഷ്ടാക്കൾ സുരക്ഷാ ജീവനക്കാരുടെ മുറിയുടെ ജനാല വഴിയാണ് ഉള്ളിൽ കടന്നത്. ഇവിടെ നിന്നും നാണയം സൂക്ഷിച്ചിരിക്കുന്ന മുറിയിൽ കടന്നു. കൂടം പോലുള്ള വലിയ ഭാരമുള്ള എതോ വസ്തു ഉപയോഗിച്ച് ബുള്ളറ്റ് പ്രൂഫ് അലമാര തകര്‍ത്തു. തുടര്‍ന്ന് വന്ന വഴിയിലൂടെത്തന്നെ ഭാരമേറിയ നാണയം കയർ വഴി പുറത്തെത്തിക്കുകയായിരുന്നു.

Image result for thieves-use-wheelbarrow-to-steal-100-kilogram-gold-coin-from-berlin-museum

എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള ‘ബിഗ് മേപ്പിൾ ലീഫ്’ എന്ന ഭീമൻ സ്വർണനാണയമാണ് മോഷണം പോയത്. ലോകത്തിലെ പ്രശസ്ത നാണയ നിര്‍മാണ കമ്പനിയായ റോയല്‍ കനേഡിയന്‍ മിന്റ് 2007ല്‍ നിര്‍മിച്ചതാണ് ഇത്. മൂന്നു സെന്റിമീറ്റർ കനവും 53 സെന്റിമീറ്റർ വ്യാസവുമാണ് നാണയത്തിനുള്ളത്. 45 ലക്ഷം ഡോളർ (ഏതാണ്ട് 30 കോടി രൂപ) ആണ് മൂല്യമായി കരുതുന്നത്.

21–ാം നൂറ്റണ്ടിലെ തന്നെ ഏറ്റവും വലിയ മോഷണങ്ങളിൽ ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ബെര്‍ലിനിലെ മ്യൂസിയം ദ്വീപിലുള്ള ‘ബോഡ് മ്യൂസിയ’ത്തില്‍ ബുള്ളറ്റ് പ്രൂഫ് ലോക്കറിനുള്ളിലാണ് നാണയം സൂക്ഷിച്ചിരുന്നത്. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള മ്യൂസിയത്തില്‍നിന്നാണ് നാണയം മോഷ്ടിക്കപ്പെട്ടത് എന്നത് അന്വേഷണ ഉദ്യോഗസ്ഥരെയും കുഴപ്പിക്കുന്നുണ്ട്.