ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ഏറെ കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തി. അതേസമയം ഓപ്പണര്‍ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയതോടെ അജിങ്ക്യ രഹാനെയ്ക്ക് ടീമില്‍ സ്ഥാനം നഷ്ടമായി.

ഏകദിന പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച രഹാനെയെ സ്ഥിരം ഓപ്പണറായ ധവാന് ടീമില്‍ ഇടംനല്‍കാന്‍ സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. പരമ്പരയില്‍ നാലു അര്‍ധ സെഞ്ചുറി അടക്കം 244 റണ്‍സ് നേടിയ ശേഷമാണ് രഹാനെ ഒഴിവാക്കിയത്. ഏകദിന ടീമിലുണ്ടായിരുന്ന ഷാര്‍ദുല്‍ താക്കൂറിനെയും ട്വന്റി-20യില്‍ ഒഴിവാക്കി. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ പരിഗണിച്ചതേയില്ല.

ഒക്ടോബര്‍ ഏഴിനാണ് റാഞ്ചിയിലാണ് ആദ്യ ട്വന്റി-20 മത്സരം. ഒക്ടോബര്‍ പത്തിന് ഗുവാഹത്തിയിലും പതിമൂന്നിന് ഹൈദരാബാദിലുമാണ് അടുത്ത രണ്ടു മത്സരങ്ങള്‍ നടക്കുക.

ഇന്ത്യന്‍ ടീം: വിരാട് കൊഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡേ, കേദാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, മഹേന്ദ്രസിങ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ, അക്‌സര്‍ പട്ടേല്‍.