ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 227 റണ്‍സിന്റെ വമ്പന്‍ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചാം ദിനം 192 റണ്‍സിന് ഓള്‍ഔട്ടായി. 72 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

104 ബോളില്‍ നിന്ന് 9 ഫോറുകളുടെ അകമ്പടിയിലാണ് കോഹ്‌ലി 72 റണ്‍സ് നേടിയത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 83 ബോളില്‍ 7 ഫോറിന്റെയും 1 സിക്സിന്റെയും അകമ്പടിയില്‍ ഗില്‍ 50 റണ്‍സെടുത്തു. കോഹ് ലിയും ഗില്ലും മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

രോഹിത് 12, പൂജാര 15, രഹാനെ പൂജ്യം, പന്ത് 11, സുന്ദര്‍ പൂജ്യം, അശ്വിന്‍ 9, നദീം പൂജ്യം, ബുംറ 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാല് വിക്കറ്റു വീഴ്ത്തി. ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നു വിക്കറ്റും ബെസ്സ്, സ്‌റ്റോക്‌സ്, ആര്‍ച്ചര്‍ എന്നിവര്‍ ഒരോ വിക്കറ്റു വീതവും നേടി.

ഈ മാസം 13നാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ചെന്നൈ തന്നെയാണ് ഈ മത്സരത്തിനും വേദിയാകുക. സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികളെ അനുവദിക്കുമെന്നാണ് വിവരം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് പരാജയം. പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്ന ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ പരാജയം വഴങ്ങിയതോടെ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

വിജയത്തോടെ ഇംഗ്ലണ്ട് പട്ടികയില്‍ ഒന്നാമതായി. 70.2 ശതമാനം പോയിന്റോടെയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. ന്യൂസിലാന്‍ഡ് (70), ഓസ്ട്രേലിയ (69.2) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നേരത്തേ 71.7 പോയിന്റുണ്ടായിരുന്ന ഇന്ത്യക്കു ഇപ്പോള്‍ 68.3 ശതമാനം പോയിന്റേയുള്ളൂ.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിക്കുകയോ, 2 മത്സരങ്ങള്‍ ജയിക്കുകയും ഒരെണ്ണം സമനിലയിലാക്കുകയും ചെയ്താലോ മാത്രമേ ഇന്ത്യയ്ക്ക് ഇനി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താനാകൂ. മറിച്ച് ഇംഗ്ലണ്ടിനാകട്ടെ രണ്ട് മത്സരങ്ങള്‍ കൂടി ജയിക്കാനായാല്‍ ഫൈനലില്‍ പ്രവേശിക്കാം.

ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 227 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചാം ദിനം 192 റണ്‍സിന് ഓള്‍ഔട്ടായി.