ആദ്യ മത്സരത്തിലെ ബാറ്റിങ് താളപ്പിഴയ്ക്ക് സുന്ദരമായി പ്രായശ്ചിത്തം ചെയ്ത ഇന്ത്യ, രണ്ടാം ട്വന്റി20യിലെ 22 റൺസ് ജയത്തോടെ 3 മത്സര പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന്, മുൻനിര ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയതാണു തിരിച്ചടിയായത്. മൂന്നാം വിക്കറ്റിൽ നിക്കോളാസ് പുരാൻ– റോമൻ പവൽ സഖ്യം വിൻഡീസിനു പ്രതീക്ഷകൾ നൽകിയതാണ്. എന്നാൽ പുരാൻ (19), പവൽ (54) എന്നിവരെ മടക്കി ക്രുനാൽ പാണ്ഡ ഏൽപിച്ച ഇരട്ട പ്രഹരം അവരെ വീണ്ടും തകർത്തു.
അധികം വൈകാതെ, കനത്ത ഇടിമിന്നൽ മുന്നറിയിപ്പിനെത്തുടർന്ന് അംപയർമാർ താരങ്ങളെ ഗ്രൗണ്ടിൽനിന്നു തിരിച്ചയച്ചു. കീറോൺ പൊള്ളാർഡ് (8), ഷിമ്രോൺ ഹെറ്റ്മയർ എന്നിവരായിരുന്നു അപ്പോൾ ക്രീസിൽ. പിന്നീടു മത്സരം പുനരാരംഭിക്കാനാകില്ലെന്ന് ഉറപ്പായതോടെ മഴ നിയമപ്രകാരം ഇന്ത്യ 22 റൺസിനു ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ, രോഹിത് ശർമയുടെ തകർപ്പൻ ബാറ്റിങ്ങാണ് (67) ഇന്ത്യയ്ക്കു മികച്ച സ്കോർ ഉറപ്പാക്കിയത്. രോഹിത്– ധവാൻ സഖ്യം ഓപ്പണിങ് വിക്കറ്റിൽ 67 റൺസ് ചേർത്ത് ഇന്ത്യൻ അടിത്തറ ഭദ്രമാക്കി.
രോഹിത്തിനു കൂട്ടായി കോലി എത്തിയതോടെ ഇന്ത്യൻ സ്കോർ അതിവേഗം മുന്നോട്ടുനീങ്ങി. എന്നാൽ ഓഷെയ്ൻ തോമസ് എറിഞ്ഞ 14–ാം ഓവറിൽ രോഹിത് പുറത്തായത് ഇന്നിങ്സിലെ വഴിത്തിരിവായി. രാജ്യാന്തര ട്വന്റി20യിലെ 21–ാം അർധ സെഞ്ചുറി കുറിച്ച രോഹിത് 51 പന്തിൽ 6 ഫോറും 3 സിക്സുമടിച്ചു. 17–ാം ഓവറിലെ, കിടിലൻ യോർക്കറിൽ ഷെൽഡൻ കോട്രൽ കോലിയുടെ (28) വിക്കറ്റും തെറിപ്പിച്ചു. ഋഷഭ് പന്ത് തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയമായി. ശനിയാഴ്ച ആദ്യ പന്തിൽ (0) പുറത്തായ പന്ത് ഇന്നലെ പുറത്തായത് 4 റൺസിന്. പിന്നാലെ മനീഷ് പാണ്ഡെയും (6) ചെറിയ സ്കോറിനു പുറത്തായെങ്കിലും ക്രുനാൽ പാണ്ഡ്യ (13 പന്തിൽ 20 നോട്ടൗട്ട്), രവീന്ദ്ര ജഡേജ (4 പന്തിൽ 9 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് ഇന്ത്യയെ തുണച്ചു.
വിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ മൂന്നു സിക്സടിച്ച രോഹിത് ശർമ, രാജ്യാന്തര ട്വന്റി20യിൽ കൂടുതൽ സിക്സടിക്കുന്ന താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കി.
സ്കോർ ബോർഡ്
ഇന്ത്യ
രോഹിത് സി ഹെറ്റ്മയർ ബി തോമസ് 67, ധവാൻ ബി പോൾ 23, കോലി ബി കോട്രൽ 28, പന്ത് സി പൊള്ളാർഡ് ബി തോമസ് 4, മനീഷ് സി പുരാൻ ബി കോട്രൽ 6, ക്രുനാൽ നോട്ടൗട്ട് 20, ജഡേജ നോട്ടൗട്ട് 9. എക്സ്ട്രാസ് 10. ആകെ 20 ഓവറിൽ 5 വിക്കറ്റിന് 167.
വിക്കറ്റുവീഴ്ച: 1–67, 2–115, 3–126, 4–132, 5–143.
ബോളിങ്– തോമസ്: 4–0–27–2, കോട്രൽ: 4–0–25–2, നരെയ്ൻ: 4–0–28–0, പോൾ: 4–0–46–1, ബ്രാത്ത്‌വെയ്റ്റ്: 2–0–22–0, പിയറി: 2–0–16–0
വെസ്റ്റിൻഡീസ്
നരെയ്ൻ ബി സുന്ദർ 4, ലൂയിസ് സി ആൻഡ് ബി ഭുവനേശ്വർ 0, പുരാൻ സി മനീഷ് ബി ക്രുനാൽ 19, പവൽ എൽബി ബി ക്രുനാൽ 54, പൊള്ളാർഡ് നോട്ടൗട്ട് 8, ഹെറ്റ്മയർ നോട്ടൗട്ട് 6. എക്സ്ട്രാസ് 7. ആകെ 15.3 ഓവറിൽ 4 വിക്കറ്റിന് 98.
വിക്കറ്റുവീഴ്ച: 1–2, 2–8, 3–84, 4–85.
ബോളിങ്– സുന്ദർ: 3–1–12–1, ഭുവനേശ്വർ: 2–0–7–1, ഖലീൽ: 3–0–22–0, സെയ്നി: 3–0–27–0, ക്രുനാൽ: 3.3–0–23–2, ജഡേജ: 1–0–6–0
Leave a Reply