ലണ്ടൻ : രൂപമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനം അതിരൂക്ഷമായതോടെ, ബ്രിട്ടനിലേക്കും തിരിച്ചും വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ജനുവരി ഏഴുവരെ നീട്ടി. ഇന്നുച്ചയ്ക്ക് ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ജനുവരി ഏഴിന് വീണ്ടും സ്ഥിതിഗതികൾ വിലയിരുത്തി പുതിയ തീരുമാനമെടുക്കും.
ഇതിനോടകം തന്നെ ബ്രിട്ടനിൽനിന്നും ഇന്ത്യയിലെത്തിയ പലരും വകഭേദം വന്ന പുതിയ വൈറസ് ബാധിച്ച് രോഗബാധിതരായ കാര്യം കണക്കിലെടുത്താണ് തൽകാലം വിമാനസർവീസ് പുനഃരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കൊച്ചിയിലേക്ക് നേരിട്ട്, ആഴ്ചയിൽ മൂന്നുദിവസം ഉൾപ്പെടെ, ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും ഉണ്ടായിരുന്ന അറുപതിലേറെ സർവീസുകളാണ് വൈറസിന്റെ വകഭേദം മൂലം മുടങ്ങിപ്പോയത്.
വിമാന സർവീസുകൾ അപ്രതീക്ഷിതമായി മുടങ്ങിയതോടെ ക്രിസ്മസിനും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിൽപോയ നൂറുകണക്കിന് മലയാളികളാണ് ബ്രിട്ടനിലേക്ക് മടങ്ങിവരാനാകാതെ കുടുങ്ങിയിരിക്കുന്നത്. അടിയന്തരമായി നാട്ടിലെത്തേണ്ടവരും യാത്രാമാർഗമില്ലാതെ വിഷമിക്കുകയാണ്.
Leave a Reply