താന്‍ പ്രേതത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും തനിക്ക് പ്രേതാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി ശ്വേത മേനോന്‍. ലൊക്കേഷനില്‍ വച്ചുണ്ടായ അനുഭവത്തെ കുറിച്ചാണ് ശ്വേത ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ കോസ്റ്റിയും ധരിച്ച് സെറ്റിലെത്തുമ്പോള്‍ കണ്ണുകള്‍ ചുവക്കുകയും ശബ്ദം പോവുകയും ചെയ്യും എന്നാണ് ശ്വേത പറയുന്നത്.

തനിക്ക് പ്രേതത്തിലും ആത്മാവിലും വിശ്വാസമുണ്ട്. പ്രേത സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രേതത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. കോസ്റ്റ്യൂമിട്ട് താന്‍ ലൊക്കേഷനില്‍ എത്തുമ്പോള്‍ കണ്ണ് ചുവപ്പായി. ഒരു സമയത്ത് തന്റെ ശബ്ദം വരെ പോയിരുന്നു. പിന്നീട് ഷൂട്ട് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

ഭയങ്കര നെഗറ്റീവ് എനര്‍ജിയും. താന്‍ ആകെ തളര്‍ന്ന് പോയിരുന്നു. ഷൂട്ടിന്റെ കോസ്റ്റ്യൂം ഇട്ടാല്‍ മാത്രമാണ് അത്തരം പ്രശ്‌നങ്ങള്‍ വരുക. സെറ്റില്‍ വേറെ ആര്‍ക്കും ആ പ്രശ്‌നം ഉണ്ടായിട്ടില്ല. തനിക്ക് മാത്രമായിരുന്നു ഈ അനുഭവങ്ങള്‍ ഉണ്ടായത്. താന്‍ ഇട്ട ഡ്രസ് ഭയങ്കര പേടിപ്പെടുത്തുന്നതാണ് എന്നാണ് ശ്വേത പറയുന്നത്.

എന്നാല്‍ താന്‍ അഭിനയിച്ച ചിത്രമായ ‘പള്ളിമണി’ ഹൊറര്‍ ചിത്രമല്ലെന്നും ശ്വേത പറഞ്ഞു. പള്ളിമണിയില്‍ പ്രേതമില്ല, മരിച്ച് പോയ ആരും ആ സിനിമയില്‍ ഇല്ല. ജീവിച്ച് ഇരിക്കുന്നവരാണ് മുഴുവന്‍ കഥാപാത്രങ്ങളും. എന്നാല്‍ ഹൊറര്‍ മ്യൂസിക്ക് ഒക്കെ ഉള്ളത് കൊണ്ട് കാണുമ്പോള്‍ ഹൊറര്‍ ഫിലിം ആണെന്ന് തോന്നും എന്നാണ് ശ്വേത പറയുന്നത്.

‘ബ്ലാക്ക് കോഫി’ എന്ന ചിത്രത്തിന് ശേഷം എത്തുന്ന ശ്വേത മേനോന്റെ ചിത്രമാണ് പള്ളിമണി. ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’ എന്ന ഹിറ്റ് ചിത്രത്തിന്റെ സീക്വല്‍ ആയാണ് ബ്ലാക്ക് കോഫി എത്തിയതെങ്കിലും ചിത്രം ശ്രദ്ധ നേടിയില്ല. അതേസമയം, ‘ബദല്‍’, ‘മാതംഗി’ എന്നീ സിനിമകളാണ് ശ്വേതയുടെതായി ഒരുങ്ങുന്നത്.