എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി. ശേഷം, സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.

കൊളോണില്‍ ഭരണത്തില്‍ നിന്നുള്ള മോചനത്തിന് നടത്തിയത് നീണ്ട പോരാട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം പേറുന്നതിൽ അഭിമാനിക്കുന്നു. ഇന്ന് നാം 140 കോടി ജനതയാണ്. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാൽ നമുക്ക് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നം കൈവരിക്കാനാകും.

പ്രകൃതി ദുരന്തത്തില്‍ പൊലിഞ്ഞവരെ വേദനയോടെ ഓര്‍ക്കുന്നു. രാജ്യം അവരുടെ കുടുംബത്തിന് ഒപ്പമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിച്ചുവരികയാണ്. നിരവധി ആളുകൾക്കും അവരുടെ കുടുംബാം​ഗങ്ങൾക്കും നഷ്ടങ്ങളുണ്ടായി. രാജ്യത്തിനും നഷ്ടം സംഭവിച്ചു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ഈ രാജ്യം അവർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകുന്നു.

കോറോണ കാലത്തേയും മോദി ഓർമിച്ചു. മഹാമാരി കാലത്തെ മറക്കാനാവില്ല. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ഇന്ത്യ വാക്സിനുകൾ എത്തിച്ചുനൽകി. ഒരുകാലത്ത്, തീവ്രവാദികൾ വന്ന് ആക്രമിച്ചിരുന്ന അതേ രാജ്യമാണ് ഇതെന്ന് ഓർക്കണം. ഇന്ത്യയുടെ സായുധസേന സർജിക്കൽ സ്ട്രൈക്ക് നടത്തുമ്പോൾ, വ്യോമാക്രമണങ്ങളുമായി മുന്നോട്ട് പോകുമ്പോൾ രാജ്യത്തെ യുവാക്കളിൽ അഭിമാനം നിറയുന്നത് അതുകൊണ്ടാണ്.

വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, കൃഷി എന്നിങ്ങനെ ഏത് മേഖലയിലായാലും അതിവേ​​ഗത്തിൽ പുത്തൻ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. സാങ്കേതികവിദ്യ കൃത്യമായി സമന്വയിപ്പിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ തുടര്‍ച്ചയായ 11-ാം സ്വാതന്ത്ര്യദിനപ്രസംഗമാണിത്. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. ഒളിമ്പിക് താരങ്ങള്‍, യുവാക്കള്‍, ഗോത്രസമൂഹം, കര്‍ഷകര്‍, സ്ത്രീകള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള പ്രത്യേക അതിഥികൾ ചടങ്ങിൽ പങ്കാളികളായി.