തിരുവനന്തപുരത്തെ വിദേശമലയാളിയുടെ വീട്ടില്‍ നടത്തിയ കവര്‍ച്ചയില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ എന്ന ദേവീന്ദര്‍സിങ്(44) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭവനഭേദനം, മോഷണം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞെന്ന് കോടതി പറഞ്ഞു. സ്ഥിരം മോഷ്ടാവായതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കണമെന്ന് പ്രോസികൃൂഷനു വേണ്ടി ഹാജരായ അഡ്വ റെക്സ് കോടതിയില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഏപ്രില്‍ 22 ന് ശിക്ഷ വിധിക്കും.
പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂരാണ് ബണ്ടിചോറിനു വേണ്ടി കോടിതിയില്‍ ഹാജരായത്. തിരുവന്തപുരത്തെ വിദേശമലയാളിയായ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയതിനുശേഷമാണ് ബണ്ടി ചോര്‍ കേരളീയര്‍ക്ക് പരിചിതമാകുന്നത്. 2013 ജനുവരിയ 20 നാണ് കെ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ കയറി മിസ്തുബിഷി ഔട്ട് ലാന്‍ഡര്‍ കാറും, ഫോണും, ഡിവിഡി പ്ലേയറും സ്വര്‍ണവുമുള്‍പ്പെടെ 29 ലക്ഷം രൂപ വിലയുള്ള വസ്തുക്കള്‍ പ്രതി മോഷ്ടിച്ചത്. മോഷണ മുതലുമായി ബണ്ടി ചോര്‍ കടന്നുകളയുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം പൊലീസ് ഇയാളെ കര്‍ണാടകയില്‍ നിന്നാണ് പിടികൂടിയത്.

ഹൈടെക്ക് മോഷ്ടാവായാണ് ബണ്ടി ചോര്‍ അറിയപ്പെടുന്നത്. 300 ഓളം മോഷണകേസുകളില്‍ പ്രതിയാണ് ബണ്ടിചോര്‍. ആഡംബര വസ്തുക്കളാണ് ബണ്ടി ചോര്‍ കൂടുതലായും മോഷ്ടിച്ചിരുന്നത്. പൊലീസ് ബണ്ടിചോറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചെന്നൈ, ബാംഗ്ലൂര്‍, ചണ്ഡിഗണ്ഡ് എന്നീ നഗരങ്ങളില്‍ നിരവധി മോഷണം ബണ്ടിചോര്‍ നടത്തിയിട്ടുണ്ട്.