മേല്‍പ്പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ റോഡിലേക്ക് പതിച്ച് ഹൈദരാബാദില്‍ സ്ത്രീ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

അമിതവേഗത്തിലെത്തിയ കാര്‍ മേല്‍പ്പാലത്തില്‍വെച്ച് നിയന്ത്രണംവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തകര്‍ത്താണ് അപകടം സംഭവിച്ച കാര്‍ നിലംപതിച്ചത്. അപകട സമയത്ത് റോഡിലൂടെ മകളോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്ന സത്യവേനി എന്ന യുവതിയാണ് മരിച്ചത്. മകള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

സമീപ പ്രദേശങ്ങളിലുണ്ടായിരുന്നവര്‍ ചിതറിയോടുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. കാറില്‍ മൂന്ന്‌പേര്‍ ഉണ്ടായിരുന്നു. ഡ്രൈവറുടെ നില ഗുരുതരമാണ്. 104 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ഹൈദരാബാദ് പോലീസ് പറയുന്നു.

നവംബര്‍ നാലിനായിരുന്നു മേല്‍പ്പാലം ഉദ്ഘാടനം ചെയ്തിരുന്നത്. ഒരാഴ്ച്ചക്കുള്ളില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയവഴി ആളുകള്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മിതിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പരാതി ഉന്നയിക്കുന്നുണ്ട്.