ബ്രിസ്ബേനിൽ നടന്ന ആദ്യ ട്വന്റി20യിലെ ബോളിങ് പരാജയത്തിന് ക്രുനാൽ പാണ്ഡ്യയുടെയും ബാറ്റിങ് പരാജയത്തിന് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും സമ്പൂർണ പ്രാശ്ചിത്തം. ഓസ്ട്രേലിയയിയൻ മണ്ണിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി കളം നിറഞ്ഞ പാണ്ഡ്യയുടെയും 19–ാം അർധസെഞ്ചുറി നേടിയ കോഹ്‍ലിയുടെയും മികവിൽ മൂന്നാം ട്വന്റി20 പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മൽസരം മഴകൊണ്ടുപോയാൽ പോലും പരമ്പര നഷ്ടമാകുമെന്ന ഭീഷണിക്കിടെ കളത്തിലിറങ്ങിയ ഇന്ത്യ, ആറു വിക്കറ്റിനാണ് ആതിഥേയരെ തറ പറ്റിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തപ്പോൾ, രണ്ടു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ക്രുനാൽ പാണ്ഡ്യയാണ് കളിയിലെ കേമൻ.

ക്യാപ്റ്റൻ വിരാട് കോഹ്‍ലി 41 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നു. ആറു ബൗണ്ടറിയും രണ്ടു സിക്സും അടങ്ങുന്നതാണ് കോഹ്‍ലിയുടെ ഇന്നിങ്സ്. ദിനേഷ് കാർത്തിക് 18 പന്തിൽ ഒരു ബൗണ്ടറിയും സിക്സും സഹിതം 22 റൺസുമായി കോഹ്‍ലിക്കു തുണ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ കോഹ്‍ലി–കാർത്തിക് സഖ്യം 60 റൺസ് കൂട്ടിച്ചേർത്തു. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1–1ന് സമനില പാലിച്ചു. ബ്രിസ്ബേനിൽ നടന്ന ആദ്യ മൽസരം ഓസ്ട്രേലിയ ജയിപ്പോൾ, മെൽബണിൽ നടന്ന രണ്ടാം മൽസരം മഴ തടസ്സപ്പെടുത്തിയിരുന്നു. 2017നു ശേഷം തുടർച്ചയായി 9 രാജ്യാന്തര ട്വന്റി20 പരമ്പരകളിൽ തോൽവിയറിയാതെ ഓസ്ട്രേലിയൻ പര്യടനത്തിനെത്തിയ ഇന്ത്യ, അജയ്യ പരിവേഷവും കാത്തു.

ഓപ്പണർമാരായ ശിഖർ ധവാൻ (22 പന്തിൽ 41), രോഹിത് ശർമ (16 പന്തിൽ 23), ലോകേഷ് രാഹുൽ (20 പന്തിൽ 14), ഋഷഭ് പന്ത് (പൂജ്യം) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ വെറും 33 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്ത രോഹിത് ശർമ–ശിഖർ ധവാൻ സഖ്യമാണ് മൽസരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഇതേ സ്കോറിൽ ഇരുവരും പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്ത് കോഹ്‍ലി–രാഹുൽ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിച്ചു. സ്കോർ 108ൽ നിൽക്കെ രാഹുലിനെയും പന്തിനെയും പുറത്താക്കി ഓസീസ് വീണ്ടും ഇരട്ടപ്രഹരം ഏൽപ്പിച്ചെങ്കിലും പിരിയാത്ത അഞ്ചാം വിക്കറ്റിൽ 60 റൺസ് ചേർത്ത് കോഹ്‍ലി–കാർത്തിക് സഖ്യം വിജയമുറപ്പാക്കി.

തകർത്തടിച്ചു മുന്നേറുകയായിരുന്ന ഇന്ത്യയ്ക്ക് മിച്ചൽ സ്റ്റാർക്ക് ബോൾ ചെയ്ത ആറാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 22 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 41 റൺസെടുത്ത ധവാനെ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുരുക്കി. അംപയർ ആദ്യം ഔട്ട് നിഷേധിച്ചെങ്കിലും ഡിആർഎസ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഓസീസ് ആദ്യ വിക്കറ്റ് നേടിയത്. തൊട്ടടുത്ത ഓവറിൽ ആദം സാംപയെ പരീക്ഷിച്ച ഫിഞ്ചിന്റെ പരീക്ഷണം വിജയം കണ്ടു. രോഹിത് ശർമയെ തീർത്തും നിരായുധനാക്കിയ സാംപ, അഞ്ചാം പന്തിൽ നിർണായക വിക്കറ്റെടുത്തു. 16 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 23 റൺസുമായി രോഹിതും പുറത്ത്.

വിരാട് കോഹ്‍ലി–ലോകേഷ് രാഹുൽ സഖ്യം കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യൻ സ്കോർ 100 കടത്തിയെങ്കിലും വീണ്ടും രണ്ടു വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടത് തിരിച്ചടിയായി. സ്കോർ 108ൽ നിൽക്കെ ലോകേഷ് രാഹുലാണ് ആദ്യം പുറത്തായത്. പരമ്പരയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന രാഹുൽ 20 പന്തിൽ ഒരു സിക്സ് സഹിതം 14 റൺസെടുത്ത് മടങ്ങി. ഇതേ സ്കോറിൽ അപകടകാരിയായ ഋഷഭ് പന്തിനെ ‘സംപൂജ്യ’നാക്കിയ ആൻഡ്രൂ ടൈ ഇന്ത്യയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ, ട്വന്റി20 കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി അരങ്ങു തകർത്ത ക്രുനാൽ പാണ്ഡ്യയാണ് ഓസ്ട്രേലിയൻ സ്കോർ 164 റൺസിൽ ഒതുക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്. ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 36 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഓസീസ് മണ്ണിൽ ട്വന്റി20യിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്.

33 റൺസെടുത്ത ഓപ്പണർ ഡാർസി ഷോർട്ടാണ് ഓസീസിന്റെ ടോപ് സ്കോറർ. 29 പന്തിൽ അഞ്ചു ബൗണ്ടറി സഹിതമാണ് ഷോർട്ട് 33 റൺസെടുത്തത്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 23 പന്തിൽ നാലു ബൗണ്ടറികളോടെ 28 റൺസെടുത്തു. 20 ഓവറിൽ 164 റൺസ് നേടിയെങ്കിലും ഓസീസ് ഇന്നിങ്സിൽ ഒരു സിക്സ് പോലും പിറന്നില്ലെന്ന പ്രത്യേകതയുമുണ്ട്. എട്ട് ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 68 റൺസ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ, ഒൻപതാം ഓവറിൽ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ക്രുനാൽ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് കുൽദീപ് യാദവ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു.

അടുത്ത ഓവർ ബോൾ ചെയ്ത ക്രുനാൽ പാണ്ഡ്യ ഏൽപ്പിച്ച ഇരട്ടപ്രഹരം കൂടിയായതോടെ ഓസീസ് തളർന്നു. സ്കോർ 73ൽ നിൽക്കെ ഡാർസി ഷോർട്ട് (33), മക്ഡെർമോട്ട് (പൂജ്യം) എന്നിവരെ തുടർച്ചയായ പന്തുകളിൽ കൂടാരം കയറ്റിയ പാണ്ഡ്യ, തന്റെ അടുത്ത ഓവറിൽ അപകടകാരിയായ ഗ്ലെൻ മാക്സ്‍വെലിനേയും പുറത്താക്കി. 16 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 13 റൺസായിരുന്നു മാക്‌സ്‌വെലിന്റെ സമ്പാദ്യം.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കറേയുടെ നേതൃത്വത്തിൽ ഓസീസ് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും തന്റെ നാലാം ഓവർ ബോൾ ചെയ്യാനെത്തിയ പാണ്ഡ്യ കറേയേയും പുറത്താക്കി. 19 പന്തിൽ നാലു ബൗണ്ടറി സഹിതം 27 റൺസായിരുന്നു കറേയുടെ സമ്പാദ്യം. ക്രിസ്‍ ലിൻ (10 പന്തിൽ 13 റൺസ്) ജസ്പ്രീത് ബുമ്രയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയ്നിസ് (15 പന്തിൽ 25), നഥാൻ കോൾട്ടർനീൽ (ഏഴു പന്തിൽ 13) എന്നിവരാണ് ഓസീസ് സ്കോർ 160 കടത്തിയത്.