ഡോ. ഷർമദ്‌ ഖാൻ

പ്രായഭേദമോ സ്ത്രീപുരുഷ വ്യത്യാസമോ കൃത്യമായ കാരണം എന്തെന്നു പറയുവാനോ ഇല്ലാതെ കാണുന്ന ഒരു ത്വക് രോഗമാണ് സോറിയാസിസ്. സോറിയാസിസ് ഒരു ജനിതകരോഗം എന്നനിലയിൽ പരിഗണിക്കുന്നു. പ്രമേഹം, കരൾ രോഗങ്ങൾ, അലർജി എന്നിവയുണ്ടോ എന്ന് കൂടി പരിശോധിച്ചു ചികിത്സ നിർണ്ണയിച്ചാൽ വേഗം സുഖപ്പെടുത്തുവാനും സാധിക്കും.

രക്ഷകർത്താക്കളിൽ ഒരാൾക്ക് രോഗമുണ്ടെങ്കിൽ 15 ശതമാനം വരെ കുട്ടികൾക്ക് രോഗം കാണപ്പെടാനുള്ള സാധ്യതയുണ്ട്. അച്ഛനും അമ്മയ്ക്കും രോഗമുള്ളവരുടെ കുട്ടികളിൽ ഇത് 40 ശതമാനമായി മാറുന്നു എന്നാൽ രോഗമുള്ളവരുടെ മക്കൾക്കെല്ലാം സോറിയാസിസ് വരണമെന്നില്ല. രോഗം വരാതിരിക്കാനുള്ള സാധ്യതയും ബാക്കി 60% ഉണ്ടല്ലോ?

മാനസികസമ്മർദ്ദം ഏറെയുള്ളവരിലാണ് സോറിയാസിസ് കൂടുതലായി കാണുന്നത്. സാധാരണ കാണുന്ന ത്വക് രോഗമായോ, തലയിലുണ്ടാകുന്ന താരൻ (ഡാൻഡ്രഫ്) ആയോ, നഖത്തിൽ ഉണ്ടാകുന്ന അസുഖമായോ നിസ്സാരവൽക്കരിച്ച് പലരും ചികിത്സ വൈകിപ്പിക്കാറുണ്ട്.

ത്വക്കിലെ ഏറ്റവും പുറമേയുള്ള കോശങ്ങൾ സാധാരണയേക്കാൾ വേഗത്തിൽ പൊടിയായോ ശൽക്കങ്ങളായോ കൊഴിഞ്ഞു പോകുന്നതാണ് പ്രധാനലക്ഷണം. എന്നാൽ രോഗത്തിൻ്റെ ആരംഭത്തിലും കുട്ടികളിലും അങ്ങനെ സംഭവിക്കണമെന്നില്ല. ചൊറിച്ചിലോ വേദനയോ കാണാറില്ല. മുതിർന്നവരിൽ ഇതിനെ തുടർന്ന് ചിലർക്കെങ്കിലും ആർത്രൈറ്റിസ് ഉണ്ടാകുന്നതായും കാണുന്നു.

  ആശങ്കകൾ വേണ്ട ജനന്മയ്ക്കു വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ല; ല​ക്ഷദ്വീപ് വിഷയത്തിൽ അമിത് ഷാ ഉറപ്പുനൽകിയെന്ന് കാന്തപുരം

സോറിയാസിസ് ഉള്ളവർ നോൺവെജ് ഉപേക്ഷിക്കുന്നതിലൂടെ കൂടുതൽ രോഗശമനം ഉറപ്പാക്കാനാകും. ഒരിക്കൽ ചികിത്സിച്ച് ഭേദമാക്കിയ രോഗം വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ചികിത്സകൊണ്ട് താൽക്കാലികമായി പൂർണശമനം കിട്ടുകയും ചെയ്യും. ദീർഘനാൾ രോഗശമനം കിട്ടുന്നതിന് ആയുർവേദ ചികിത്സകൾ വളരെ ഫലപ്രദമാണ്. നിലവിലുള്ള ബുദ്ധിമുട്ടുകൾ മാറ്റുന്നതിനും, വീണ്ടും വരാനുള്ള സാധ്യത പരമാവധി കുറയ്ക്കുന്നതിനും, സെക്കൻഡറി കോംപ്ലിക്കേഷൻസ് കുറയ്ക്കുന്നതിനും ചികിത്സ അനിവാര്യമാണ്.

ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല സോറിയാസിസ്. ഒരുമിച്ചിരുന്ന് പഠിക്കുന്നത് കൊണ്ടോ, ഒരു ഓഫീസിൽ ജോലി ചെയ്യുന്നതു കൊണ്ടോ, പങ്കാളികൾക്കോ രോഗം പകരില്ല.എന്നാൽ പൊഴിഞ്ഞുവീഴുന്ന ശൽക്കങ്ങൾ അലർജിയുള്ളവർ ശ്വസിച്ചാൽ അലർജി വർധിക്കുന്നതായി കാണാറുണ്ട്.

മാനസിക സമ്മർദ്ദം കുറയ്ക്കുക, നെല്ലിക്ക, പപ്പായ, ഓറഞ്ച് ,കാരറ്റ്, തക്കാളി എന്നിവ വളരെ കൂടുതലായി കഴിക്കുക, നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക തുടങ്ങിയവ രോഗശമനത്തിന് കൂടുതൽ ഗുണം ചെയ്യും.

 

ഡോ. ഷർമദ്‌ ഖാൻ

സീനിയർ മെഡിക്കൽ ഓഫീസർ

ആയുർവേദ ദിസ്പെന്സറി

ചേരമാൻ തുരുത്ത്

തിരുവനന്തപുരം .