ഒരിക്കൽക്കൂടി സ്പിന്നർമാർ ഇംഗ്ലിഷ് പടയെ കറക്കിവീഴ്ത്തിയതോടെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. നാലു ടെസ്റ്റുകളടങ്ങിയ പരമ്പര 3–1ന് സ്വന്തമാക്കിയ ഇന്ത്യ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനും യോഗ്യത നേടി. 160 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്, 54.5 ഓവറിൽ വെറും 135 റൺസിന് എല്ലാവരും പുറത്തായി. ഇതേ വേദിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ രണ്ടു ദിവസം കൊണ്ട് ജയിച്ചുകയറിയ ഇന്ത്യയ്ക്ക്, നാലാം ടെസ്റ്റിൽ വിജയത്തിലെത്താൻ വേണ്ടിവന്നത് മൂന്നു ദിവസം മാത്രം. ജൂൺ 18 മുതൽ 22 വരെ വിഖ്യാതമായ ലോർഡ്സ് മൈതാനത്ത് നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.
കരിയറിലെ മൂന്നാം ടെസ്റ്റ് മാത്രം കളിക്കുന്ന അക്ഷർ പട്ടേലിന്റെ നാലാം അഞ്ച് വിക്കറ്റ് നേട്ടവും വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ 30–ാം അഞ്ച് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യയ്‌ക്ക് മറ്റൊരു അവിസ്മരണീയ ജയം സമ്മാനിച്ചത്. പട്ടേൽ 24 ഓവറിൽ 48 റൺസ് വഴങ്ങിയും അശ്വിൻ 22.5 ഓവറിൽ 47 റൺസ് വഴങ്ങിയും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിലാകെ ഒൻപത് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ, അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ (പരമാവധി 3 മത്സരം) കൂടുതൽ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി. ഈ പരമ്പരയിലെ മൂന്നു ടെസ്റ്റുകളിൽ കളിച്ച അക്ഷർ, ആകെ വീഴ്ത്തിയത് 27 വിക്കറ്റുകളാണ്. 2008ൽ ഇന്ത്യയ്‌ക്കെതിരെ അരങ്ങേറ്റ പരമ്പരയിൽ 26 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കൻ താരം അജാന്ത മെൻഡിസിന്റെ റെക്കോർഡാണ് അക്ഷർ തകർത്തത്.
ഇന്ത്യൻ സ്പിന്നർമാർ ഒരിക്കൽക്കൂടി വിശ്വരൂപം പൂണ്ടതോടെ, ഇംഗ്ലണ്ട് ഇന്നിങ്സിൽ രണ്ടക്കം കടന്നത് നാലു പേർ മാത്രം. ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറി കണ്ടെത്തി 95 പന്തിൽ ആറു ഫോറുകൾ സഹിതം 50 റൺസെടുത്ത ഡാനിയൽ ലോറൻസാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജോ റൂട്ട് (72 പന്തിൽ മൂന്നു ഫോറുകൾ സഹിതം 30), ഒലി പോപ്പ് (31 പന്തിൽ ഒരേയൊരു സിക്സ് സഹിതം 15), ബെൻ ഫോക്സ് (46 പന്തിൽ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവർ. ഏഴാം വിക്കറ്റിൽ ലോറൻസ് – ഫോക്സ് സഖ്യം കൂട്ടിച്ചേർത്ത 44 റൺസാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടാണ് അവരെ 100 കടത്തിയതും.
ഓപ്പണർമാരായ സാക് ക്രൗളി (16 പന്തിൽ അഞ്ച്), ഡൊമിനിക് സിബ്‌ലി (21 പന്തിൽ മൂന്ന്), ജോണി ബെയർസ്റ്റോ (0), ബെൻ സ്റ്റോക്സ് (ഒൻപത് പന്തിൽ രണ്ട്), ഡൊമിനിക് ബെസ് (രണ്ട്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ജയിംസ് ആൻഡേഴ്സൻ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
നേരത്തെ, കൂട്ടുനിൽക്കാനാളില്ലാതെ പോയതോടെ കന്നി െസഞ്ചുറിയെന്ന സ്വപ്നം പടിക്കൽ വീണുടഞ്ഞെങ്കിലും 174 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 96 റൺസുമായി പുറത്താകാതെ നിന്ന വാഷിങ്ടൻ സുന്ദറിന്റെ സുന്ദരൻ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് 160 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചത്. ഇംഗ്ലണ്ടിന്റെ 205 റൺസ് പിന്തുടർന്ന് ബാറ്റു ചെയ്ത ഇന്ത്യ 114.4 ഓവറിലാണ് 365 റൺസെടുത്തത്. ഇന്ത്യൻ സ്കോർ 365ൽ നിൽക്കെ അക്ഷർ പട്ടേൽ, ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ് എന്നിവർ തുടരെത്തുടരെ പുറത്തായതോടെയാണ് സുന്ദറിന് സെഞ്ചുറി നഷ്ടമായത്. അക്ഷർ പട്ടേൽ 97 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 43 റൺസെടുത്തു.
എട്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത വാഷിങ്ടൻ സുന്ദർ – അക്ഷർ പട്ടേൽ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ പോരാട്ടം ഏറ്റെടുത്ത ഇരുവരും ടീമിന് നേട്ടമുണ്ടാക്കിയെങ്കിലും, വ്യക്തിഗത നേട്ടങ്ങളുടെ വക്കിൽ വീണുപോയി. ടെസ്റ്റിലെ കന്നി അർധസെഞ്ചുറിക്ക് അരികെ അക്ഷർ പട്ടേൽ റണ്ണൗട്ടായതാണ് നിർണായകമായത്. അക്ഷർ പുറത്തായശേഷമെത്തിയ ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ് എന്നിവരെ പൂജ്യത്തിന് പുറത്താക്കിയ ബെൻ സ്റ്റോക്സാണ് സുന്ദറിന്റെ സെഞഞ്ചുറി മോഹം തല്ലിക്കെടുത്തിയത്. 115–ാം ഓവറിലെ ആദ്യ പന്തിൽ ഇഷാന്തിനെ എൽബിയിൽ കുരുക്കിയ സ്റ്റോക്സ്, നാലാം പന്തിൽ മുഹമ്മദ് സിറാജിനെ ബൗൾഡാക്കി. എട്ടാം വിക്കറ്റിൽ സുന്ദർ – അക്ഷർ സഖ്യം 106 റൺസ് കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് 27.4 ഓവറിൽ 89 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ജയിംസ് ആൻഡേഴ്സൻ 25 ഓവറിൽ 44 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുമെടുത്തു. ജാക്ക് ലീച്ച്് 27 ഓവറിലവ്‍ 89 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ, ആറാമനായി ഇറങ്ങി കരിയറിലെ തന്റെ 3–ാം സെഞ്ചുറി (118 പന്തുകളിൽ 101 റൺസ്) നേടിയ ഋഷഭ് പന്തിന്റെ മികവിൽ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന്റെ 2–ാം ദിനം ഇന്ത്യ 89 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ബൗൺസറിൽ വിരാട് കോലിയെയും (0) ഇൻസ്വിങ്ങറിൽ രോഹിത് ശർമയെയും (49) പുറത്താക്കി ബെൻ സ്റ്റോക്സ് ഇന്ത്യയെ 5ന് 121ലേക്ക് ഒതുക്കിയപ്പോഴാണു പന്ത് ക്രീസിലെത്തുന്നത്. കരുതലോടെയായിരുന്നു തുടക്കം. 146ൽ ആർ. അശ്വിൻ മടങ്ങിയതോടെ പന്തിനു കൂട്ടായി വാഷിങ്ടനെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ ഇന്ത്യയ്ക്കു വൻമലയായി തോന്നിയ സമയം. 82 പന്തുകൾ തട്ടിയും മുട്ടിയും പന്ത് അർധ സെഞ്ചുറി തികച്ചെങ്കിലും പതിവു വെടിക്കെട്ടുണ്ടായില്ല.
പക്ഷേ, ഇംഗ്ലണ്ട് രണ്ടാമത്തെ പുതിയ പന്തെടുത്തതോടെ ഇന്ത്യയുടെ ‘പന്ത്’ ഗീയർ മാറ്റി. മനോഹരമായ സ്ട്രോക്കുകൾ. കോപ്പി ബുക്കിലില്ലാത്ത ഷോട്ടുകൾ. സ്റ്റെപ്പ് ഔട്ട് ചെയ്തുള്ള ഹിറ്റുകൾ. ജോ റൂട്ടിനെ തിരഞ്ഞുപിടിച്ച് കടന്നാക്രമണം. ആൻഡേഴ്സിനെതിരെ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി. അടുത്ത 33 പന്തുകളിൽ പന്ത് സെഞ്ചുറിയിലെത്തി. റൂട്ടിനെ സ്ക്വയർ ലെഗിലൂടെ സിക്സറിനു പറത്തിയാണു 94ൽനിന്നു 101ലെത്തിയത്. പന്തും വാഷിങ്ടൻ സുന്ദറും 7–ാം വിക്കറ്റിൽ 158 പന്തുകളിൽ കൂട്ടിച്ചേർത്ത 113 റൺസാണ് ഇന്ത്യയെ നേരെ നിർത്തിയത്.
Leave a Reply