വിൻഡീസ് പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെന്ന നിലയിലാണ്. അർധസെഞ്ചുറി പ്രകടനവുമായി തിളങ്ങിയ നായകൻ വിരാട് കോഹ്‌ലിയുടെയും ഓപ്പണർ മായങ്ക് അഗർവാളിന്റെയും പ്രകടനമാണ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ കെ.എൽ.രാഹുലിന്റെയും ചേതേശ്വർ പൂജാരയുടെയും വിക്കറ്റ് വേഗം നഷ്ടമായി. എന്നാൽ മായങ്ക് അഗർവാളും വിരാട് കോഹ്‌ലിയും ചേർന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 13 റൺസെടുത്ത കെ.എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ആറ് റൺസ് നേടി ചേതേശ്വർ പൂജാരയും മടങ്ങി.

മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത മായങ്ക് അഗർവാളും വിരാട് കോഹ്‌ലിയും ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി. 127 പന്തിൽ 55 റൺസ് നേടിയ ശേഷമാണ് മായങ്ക് ക്രീസ് വിട്ടത്. പിന്നീട് ഉപനായകൻ അജിങ്ക്യ രഹാനെയെ കൂട്ടുപിടിച്ചായിരുന്നു കോഹ്‌ലിയുടെ മുന്നേറ്റം. ടീം സ്കോർ 200 കടത്തിയ ശേഷമാണ് കോഹ്‌ലി ക്രീസ് വിട്ടത്. 163 പന്തിൽ 76 റൺസെടുത്ത ഇന്ത്യൻ നായകനെ വിൻഡീസ് നായകൻ ഹോൾഡറാണ് മടക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 42 റൺസ് നേടിയ ഹനുമ വിഹാരിയും 27 റൺസെടുത്ത ഋഷഭ് പന്തുമാണ് ക്രീസിൽ. വിൻഡീസിന് വേണ്ടി നായകൻ ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റ് നേടി. കെമർ റോച്ച്, റഖീം കോൺവാൾ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.