കോവിഡ് മൂലം ഇന്ത്യയില്‍ അമ്പത് ലക്ഷത്തിലധികം ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് എന്നാല്‍ കളളക്കണക്കെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് തള്ളി.

കൊവിഡ് സ്ഥിതിവിവരക്കണക്ക് സൂക്ഷിക്കുന്ന സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം മേധാവി ഡോ.എന്‍.കെ അറോറ. ഒരു ദേശീയമാദ്ധ്യമത്തോട് പ്രതികരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ യുക്തിസഹമല്ലെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതെന്നുമായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം സര്‍ക്കാര്‍ ണക്കുകളെക്കാള്‍ 47 ലക്ഷം മരണങ്ങളാണ് കൂടുതലായി ഇന്ത്യയില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടിലുളളത്.

റിപ്പോര്‍ട്ട് ആശങ്കയുളവാക്കുന്നതാണെന്നും യുക്തിസഹമോ വസ്തുതകള്‍ക്ക് നിരക്കുന്നതോ അല്ലെന്നും ഡോ. എന്‍.കെ അറോറ പറഞ്ഞു. ഇന്ത്യയിലെ ശക്തവും കൃത്യവുമായ മരണ രജിസ്ട്രേഷന്‍ സംവിധാനമാണ് സി.ആര്‍.എസ്. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട മിക്കവാറും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 15-20 ശതമാനം വരെ പൊരുത്തക്കേട് വന്നേക്കാം എന്നാല്‍ ഇത്രയധികം ഉണ്ടാകില്ലെന്ന് ഡോ.അറോറ ഉറപ്പിച്ച് പറയുന്നു.

‘2018ല്‍ ഉളളതിനെക്കാള്‍ ഏഴ് ലക്ഷം കൂടുതല്‍ മരണങ്ങളാണ് സിആര്‍എസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ ഉണ്ടായതിലും അഞ്ച് ലക്ഷം കൂടുതലാണ് 2020ല്‍. ഇതിനര്‍ത്ഥം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മെച്ചപ്പെടുന്നുണ്ട് എന്നാണ്. 98 മുതല്‍ 99 ശതമാനം വരെ മരണങ്ങള്‍ സിആര്‍എസ് വഴി റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.’ ഡോ.അറോറ പറയുന്നു.ലോകാരോഗ്യ സംഘടനാ കണക്കനുസരിച്ച് ഇന്ത്യയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്ത മരണത്തെക്കാള്‍ പത്തിരട്ടി മരണം കൊവിഡ് മൂലമുണ്ടായിട്ടുണ്ട്.

ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. ലോകമാകെ ഔദ്യോഗിക കണക്കനുസരിച്ച് ആറ് ദശലക്ഷം പേര്‍ മരിച്ചതായാണ് കണക്ക്. എന്നാല്‍ ലോകാരോഗ്യ സംഘടന കണക്കാക്കിയതനുസരിച്ച് ഇത് 15 ദശലക്ഷമാണ്. അതിനാല്‍ തന്നെ റിപ്പോര്‍ട്ട് അപകീര്‍ത്തികരവും അംഗീകരിക്കാനാവാത്തതുമാണെന്നാണ് ഡോ.അറോറ വാദിക്കുന്നത്.സംസ്ഥാനങ്ങള്‍ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ കാലതാമസമുണ്ടായേക്കാമെന്നും എന്നാല്‍ 10മടങ്ങ് അധികം ഒരിക്കലുമുണ്ടാകില്ലെന്നാണ് ഡോ.അറോറ അഭിപ്രായപ്പെട്ടത്. കൊവിഡ് മരണം കണക്കാക്കാനുളള ലോകാരോഗ്യസംഘടനയുടെ ഗണിതശാസ്ത്ര മാതൃകയെ യാഥാര്‍ത്ഥ്യമല്ലെന്ന് ഇന്ത്യ തളളിക്കളഞ്ഞിരുന്നു.