ന്യൂസ് ഡെസ്ക്, മലയാളം യുകെ
സഹപ്രവർത്തകയായ ഇന്ത്യക്കാരിയിൽ നിന്ന് നിരന്തരം അവഹേളനവും കുറ്റപ്പെടുത്തലും നേരിട്ട ഡെന്റൽ നേഴ്‌സിന് 25,254 പൗണ്ട് (ഏകദേശം 30 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് തൊഴിൽ ട്രൈബ്യൂണൽ. ഇന്ത്യയിൽ നിന്നുള്ള ദന്തഡോക്ടറായ ജിസ്‌ന ഇഖ്ബാലും 64കാരിയായ മോറിൻ ഹോവിസണും തമ്മിലുള്ള കേസിലാണ് നിർണ്ണായക വിധി വന്നിരിക്കുന്നത്. ലണ്ടനിലെ എഡിൻബർഗിലെ ഗ്രേറ്റ് ജങ്ഷൻ ഡെന്റൽ കേന്ദ്രത്തിലാണ് സംഭവം. 40 വർഷത്തിലേറെ പരിചയസമ്പത്തുള്ള നേഴ്‌സാണ് മോറിൻ ഹോവിസൺ. ഡെന്റൽ തെറാപ്പിസ്റ്റായ ജിസ്‌ന തന്നെ ജോലിസ്ഥലത്ത് വച്ച് രൂക്ഷമായി നോക്കുകയും അവഹേളിക്കുകയും ചെയ്യാറുണ്ടെന്നായിരുന്നു നേഴ്‌സായ മോറിൻെറ വാദം.
ട്രൈബ്യൂണലിൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൽ സംബന്ധിച്ച രേഖകളും തെളിവുകളും ഹാജരാക്കിയിരുന്നു. ഇന്ത്യയിൽ യോഗ്യതയുള്ള ദന്തഡോക്ടറായിരുന്നെങ്കിലും യുകെയിൽ പ്രാക്ടീസ് ചെയ്യാൻ ഇതുവരെ യോഗ്യത നേടിയിട്ടില്ലാത്ത ജീവനക്കാരിയായിരുന്നു ജിസ്‌ന. അതുകൊണ്ട് തന്നെ, ക്ലിനിക്കില്‍ മോറീൻ വർഷങ്ങളായി ചെയ്തുവന്നിരുന്ന റിസപ്ഷനിസ്റ്റ് ജോലികൾ ജിസ്നയ്ക്ക് ചെയ്യേണ്ടിവന്നു. 2024 സെപ്റ്റംബറിൽ മോറീൻ ജോലിസ്ഥലത്ത് കരഞ്ഞതോടെയാണ് പ്രശ്നം കൈവിട്ടത്.
അതേസമയം മോറീന്റെ ആരോപണങ്ങൾ ജിസ്ന നിഷേധിച്ചിരുന്നു. ട്രൈബ്യൂണൽ നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പെടുത്തലിനും ഭീഷണിപ്പെടുത്തലിനും നേഴ്‌സ് ഇരയായെന്ന് കണ്ടെത്തി. ജോലിസ്ഥലത്തെ ഇത്തരം പ്രവർത്തികൾ ഭീഷണിപ്പെടുത്തലായി കണക്കാക്കാമെന്നും ഇത്തരം പെരുമാറ്റം തുടർന്നാൽ തൊഴിലുടമ ഉത്തരവാദിയായിരിക്കുമെന്നും വിധിയിൽ പറയുന്നു.
Leave a Reply