ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്നലെ ഇന്ത്യൻ മാധ്യമങ്ങളിലെ പ്രധാന വാർത്ത റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നതായിരുന്നു. മറ്റു ലോക നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചു. ഇന്ത്യയും യു കെയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുള്ള ജീവനുള്ള പാലം എന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി റിഷി സുനകിനെ വിശേഷിപ്പിച്ചത്.
ഇന്ത്യൻ വംശജൻ, ഇന്ത്യയുടെ മരുമകൻ തുടങ്ങിയ വിശേഷണങ്ങളാണ് പൊതുവേ മാധ്യമങ്ങൾ റിഷി സുനകിന് ചാർത്തി നൽകിയത്. ദീപാവലി ദിനത്തിൽ ഹിന്ദു വിശ്വാസമുള്ള വെളുത്ത വർഗ്ഗക്കാരനല്ലാത്ത ഒരാൾ പ്രധാനമന്ത്രിയായതായി മിക്ക മാധ്യമങ്ങളും തലക്കെട്ട് നൽകി . ബ്രിട്ടീഷുകാർ അടക്കി വാണ ഇന്ത്യയിൽ നിന്നൊരാൾ ബ്രിട്ടന്റെ ഭരണ തലപ്പത്തിലെത്തുന്നതിന്റെ കാവ്യനീതിയെ കുറിച്ചായിരുന്നു ചില മാധ്യമങ്ങൾ വാർത്തയാക്കിയത്.
യുകെയിലെ സൗത്ത്ഹാംപ്ടൺ ഏരിയയിൽ ഒരു ഇന്ത്യൻ കുടുംബത്തിൽ ജനിച്ച റിഷി സുനക് ഫാർമസിസ്റ്റായ അമ്മയുടെയും നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ജനറൽ പ്രാക്ടീഷണറായ (ജിപി) പിതാവിന്റെയും മകനാണ്. സുനകിന്റെ ഗ്രാൻഡ്പേരെന്റ്സ് പഞ്ചാബിൽ നിന്നുള്ളവരാണ്. റിപ്പോർട്ടുകൾ പ്രകാരം, സുനക്കിന്റെ കുടുംബം കിഴക്കൻ ആഫ്രിക്കയിൽ മെച്ചപ്പെട്ട ജീവിതം തേടി കുടിയേറി. എന്നാൽ ഇന്ത്യക്കാർക്കെതിരായ വ്യാപകമായ വികാരങ്ങൾക്കിടയിൽ പ്രദേശത്ത് പ്രശ്‌നങ്ങൾ ആരംഭിച്ചപ്പോൾ, അദ്ദേഹത്തിന്റെ മുത്തച്ഛൻ ബ്രിട്ടനിലേക്ക് കുടിയേറ്റം നടത്തി.
ഇന്ത്യൻ കമ്പനിയായ ഇൻഫോസിൻെറ സ്ഥാപകനായ നാരായണമൂർത്തിയുടെ മരുമകനാണ് റിഷി സുനക്. കഴിഞ്ഞ പാർട്ടി തല നേതൃ മത്സരത്തിൽ അവസാന ഘട്ടത്തിൽ ലിസ് ട്രസിനോട് പരാജയമടയുകയായിരുന്നു. കാലിഫോർണിയ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ വച്ചാണ് ഋഷി സുനാക്ക് നാരായണമൂർത്തിയുടെ മകളായ അക്ഷിത മൂർത്തിയെ കണ്ടുമുട്ടിയത്. 2009-ൽ ബാംഗ്ലൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം .
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കാലിഫോർണിയ, ഇന്ത്യ, ബ്രിട്ടൺ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് 536 മില്യൺ പൗണ്ടിൻെറ പ്രാരംഭ നിക്ഷേപവുമായി 2010 -ൽ അദ്ദേഹം സ്വന്തം ബിസിനസ് ആരംഭിച്ചു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദധാരിയുമാണ് സുനക്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 2009 ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്, അനുഷ്കയും കൃഷ്ണയും.
Leave a Reply