ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഗ്രീക്ക് ആസ്ഥാനമായുള്ള ഏജിയൻ എയർലൈൻസ് ബർമിംഗ്ഹാം വിമാനത്താവളത്തിൽ സേവനങ്ങൾ പുനരാരംഭിച്ചു .   വീണ്ടും സേവനങ്ങൾ ലഭ്യമാകുമെന്ന അറിയിച്ച അധികൃതർ ഏഥൻസിലേക്ക് ആഴ്ചയിൽ രണ്ടുതവണ ഫ്ലൈറ്റുകൾ ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കി. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വിമാനങ്ങൾ പുറപ്പെടും.ബി എച്ച് എക്സ് മേധാവികളാണ് ഇക്കാര്യം പുറത്ത് പറഞ്ഞത്. ബിഎച്ച്‌എക്‌സിൽ നിന്ന് പിസയിലേക്ക് പുതിയ റൂട്ട് സർവീസ് നടത്തുമെന്ന് ബജറ്റ് എയർലൈൻ റയാൻ എയർ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

ചെരിഞ്ഞ ഗോപുരത്തിന് പേരുകേട്ട ഇറ്റാലിയൻ നഗരത്തിലേക്കുള്ള പുതിയ റൂട്ട് ഈ വേനൽക്കാലത്ത് ആരംഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. യുകെയിലെ ആളുകൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ വേനൽക്കാലം സന്തോഷകരമാക്കാനാണ് വിവിധ പാക്കേജുകളിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് റിയാനെയറിന്റെ കമ്മ്യൂണിക്കേഷൻസ് മേധാവി ദാരാ ബ്രാഡി പറയുന്നു. യുകെയിലെ ആളുകളെ ഞങ്ങൾ അത്രയും പ്രിയപ്പെട്ടവരായിട്ടാണ് കാണുന്നതെന്ന് പറഞ്ഞുവെച്ച അദ്ദേഹം വരും കാലങ്ങളിൽ കൂടുതൽ പാക്കേജുകൾ ഉണ്ടാകുമെന്നും അറിയിച്ചു. ബിർമിംഗ്ഹാമിലെയും ഗ്ലാസ്‌ഗോയിലെയും ആളുകൾക്കായി ഏറ്റവും കുറഞ്ഞ നിരക്കിൽ വേനലവധി പാക്കേജുകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.