പ്രളയക്കെടുതികള്‍ക്കിടയിലും ആളുകളെ ചിരിപ്പിച്ച ചില സംഭവങ്ങളുണ്ടായിരുന്നു. അതില്‍ തന്നെ ആളുകളെ ഏറ്റവുമധികം ചിരിപ്പിച്ച സംഭവമായിരുന്നു വീട്ടില്‍ നിന്ന് വല്ല്യപ്പന് മരുന്ന് വാങ്ങാന്‍ പോയ യുവാവ് ഹെലികോപ്റ്ററില്‍ കയറി തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ചെന്നുപെട്ടത്. വാട്ട്സ്ആപ്പുകളില്‍ ഒരു ഓഡിയോ ക്ലിപ്പിലൂടെയാണ് യുവാവിന്റെ കഥകേട്ട് ഈ ദുരിതത്തിനിടയിലും മലയാളികള്‍ ചിരിച്ച് മണ്ണ് കപ്പിയത്.
ഓഡിയോ ക്ലിപ്പില്‍ വിവരിച്ച ആ സംഭവമിങ്ങനെയായിരുന്നു. ‘വല്ലുപ്പായ്ക്ക് മരുന്ന് വാങ്ങിക്കാന്‍ വല്ലുമ്മി അവനെ പറഞ്ഞുവിട്ടു. പോകുന്നവഴി ആരെയോ രക്ഷിക്കാനായി മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കയറി. അപ്പോള്‍ ആ വഴി ഒരു ഹെലികോപ്റ്റര്‍ താഴ്ന്നുവന്നു. അവര്‍ കൈവിശീയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്ന് റോപ്പിട്ടുകൊടുത്തു. ഒടുവില്‍ ഹെലികോപ്ടര്‍ അവനെ തിരുവനന്തപുരത്തേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.
യുവാവിന്റെ അനാവശ്യ യാത്ര എയര്‍ഫോഴ്‌സിന് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചതോടെ ഇയാളെ ട്രോളി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ നിജസ്ഥിതി പറഞ്ഞു കൊണ്ട് കഥാനായകന്‍ ജോബി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജോബി പറയുന്നതിങ്ങനെ… ഞങ്ങളുടെ നാട്ടിലെ യുവാക്കളെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നാട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സമയമായിരുന്നു അപ്പോള്‍. വെള്ളമിറങ്ങിക്കഴിഞ്ഞ് ഒരു ഞായറാഴ്ചയായിരുന്നു സംഭവം. ഞാനും ഒരു സുഹൃത്തും വീട്ടിലേക്ക് പൊയ്‌ക്കോണ്ടിരുന്നപ്പോള്‍ മര്‍ത്തോമാ പള്ളിയുടെ സമീപം ഹെലികോപ്ടര്‍ ഇറങ്ങി. ആ സമയത്ത് അങ്ങോട്ട് ചെന്നപ്പോള്‍ ഹെലികോപ്ടറില്‍ നിന്നിറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ ഞങ്ങളോട് വരുന്നുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലയെന്നു ഞങ്ങള്‍ മറുപടി പറഞ്ഞു.
ഹെലികോപ്ടറിന്റെ ഫാനിന്റെ ശബ്ദം കാരണം അവര്‍ പറയുന്നതൊന്നും വ്യക്തമായി കേള്‍ക്കുന്നില്ലായിരുന്നു. കുടുങ്ങിക്കിടക്കുന്ന ആളുകളെ കാട്ടിക്കൊടുക്കാനോ മോക്ഡ്രില്‍ ചെയ്യാനോ അണ് എന്നെ വിളിച്ചത് എന്നു കരുതിയാണ് ഹെലികോപ്ടറില്‍ കയറിയത്. എന്നാല്‍ അവര്‍ എന്നെ കൊണ്ടെത്തിച്ചത് തിരുവനന്തപുരത്താണ്. പിന്നെ അവരോട് സംസാരിച്ചപ്പോഴാണ് ഇത് ഞാന്‍ ഉദ്ദേശിച്ച കാര്യമല്ലെന്നും അവര്‍ എന്നെ രക്ഷപ്പെടുത്തിയതാണെന്നും മനസ്സിലാവുന്നത്. അവരോട് ഞാന്‍ കാര്യം തുറന്നു പറയുകയും ചെയ്തു. പിന്നീടാണ് സോഷ്യല്‍ മീഡിയകളില്‍ സംഭവത്തെക്കുറിച്ച് വ്യാജ പ്രചരണങ്ങള്‍ നിറയുന്നത്. എന്നെ സഹായിക്കാന്‍ നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ നിങ്ങള്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുക… ഇങ്ങനെ പറഞ്ഞാണ് യുവാവ് വാക്കുകള്‍ അവസാനിപ്പിക്കുന്നത്.
ജോബി ഡ്രൈവറാണെന്നും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട ആളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇയാളുടെ വീട് തകര്‍ന്നിരിക്കുകയാണെന്നും ഡ്രൈവിംഗ് ജോലി ചെയ്താണ് ഇയാള്‍ ജീവിതം പുലര്‍ത്തുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു. വീഡിയോ ഇതിനോടകം പതിനായിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.
Leave a Reply