ന്യൂസ് ഡെസ്ക്, മലയാളം യുകെ
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ യുവാവിന് 9 വർഷം തടവ് ശിക്ഷ വിധിച്ചു. ഇതുകൂടാതെ ഇയാളുടെ പേര് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ അതിജീവനകാലം ചേർക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. സ്നാപ് ചാറ്റ് ഉപയോഗിച്ചാണ് പ്രതി പെൺകുട്ടികളെ വലവീശി ക്രൂരത കാട്ടിയത്.
ലണ്ടൻ ഹാരോ ക്രൗൺ കോടതിയാണ് ഇന്ത്യൻ വംശജനായ ഹിമാൻഷു മക്വാന (42) യ്ക്ക് ശിക്ഷ വിധിച്ചത്. പതിനെട്ടും പതിനാറും വയസ്സുള്ള 2 പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. ഓൺലൈനിൽ മാസങ്ങളോളം ചാറ്റ് ചെയ്ത് വിശ്വാസം ആർജിച്ചതിനു ശേഷം നേരിൽ കാണാൻ പ്രതി പെൺകുട്ടികളെ ക്ഷണിക്കുകയായിരുന്നു. 2019 -ൽ 18 കാരിയായ പെൺകുട്ടിയെ ഒരു ഒഴിഞ്ഞ ഓഫീസ് ബ്ലോക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അന്ന് ഈ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും പോലീസിന് പ്രതിയെ പിടികൂടാനായില്ല.
2023 -ൽ പ്രതി 16 വയസ്സുകാരിയായ പെൺകുട്ടിയെ സമാനമായ രീതിയിൽ പീഡനത്തിനിരയാക്കി. ഈ പ്രാവശ്യവും സ്നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ അവളുടെ സ്കൂളിനടുത്തുള്ള തെരുവിൽ കാർ പാർക്ക് ചെയ്തതിനു ശേഷം ഒഴിഞ്ഞ മാളിലേയ്ക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന് ഒരു ദിവസത്തിനു ശേഷം 2023 നവംബർ 27-ാം തീയതി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പഴയ കേസിനും തുമ്പുണ്ടായത്. അതേസമയം പ്രതിക്ക് മതിയായ ശിക്ഷ കോടതി നൽകിയില്ലെന്ന വിമർശനം ശക്തമാണ്. ഒൻപത് വർഷം മാത്രം ജയിൽ ശിക്ഷ നൽകിയ നടപടി കുറഞ്ഞു പോയതായി അക്രമത്തിനിരയായ പെൺകുട്ടികളുടെ രക്ഷിതാക്കൾ പ്രതികരിച്ചു.
Leave a Reply