കാനഡ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെ പിന്‍ഗാമിയാവാന്‍ സാധ്യതയുള്ളവരുടെ പേരുകളില്‍ ഇടംപിടിച്ച് തമിഴ് വംശജ അനിത ആനന്ദും. കാനഡയുടെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രികൂടിയായ അനിത ആനന്ദ് നേരത്തെതന്നെ നിരവധി സര്‍ക്കാര്‍ സ്ഥാനങ്ങളിലിരുന്ന് വൈദഗ്ധ്യം തെളിയിച്ച വനിതയാണ്. 2019 മുതല്‍ ലിബറല്‍ പാര്‍ട്ടിയുടെ ഭാഗമായതിന് ശേഷം പാര്‍ട്ടി അംഗമെന്ന നിലയിലും അവർ ശ്രദ്ധേയയാണ്.
മുന്‍ കനേഡിയന്‍ പ്രതിരോധമന്ത്രികൂടിയായ അനിത ടൊറന്റോയിലെ ഓക്‌വില്ലയെ പ്രതിനിധാനം ചെയ്താണ് പാര്‍ലമെന്റിലെത്തിയത്. കനേഡിയന്‍ ഗതാഗത മന്ത്രിയും നിയമവിദഗ്ധയുമായ അനിത ക്വീന്‍സ് സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയൻസിൽ ബിരുദം നേടി. ഓക്‌സ്ഫര്‍ഡ് സര്‍വകലാശലയില്‍നിന്ന് നിയമതത്വശാസ്ത്രത്തിലും ഡല്‍ഹൗസി സര്‍വകലാശാലയില്‍നിന്ന് നിയമ പഠനത്തിലും ബിരുദം നേടി. തുടര്‍ന്ന് ടൊറന്റോ സര്‍വകാശാലയില്‍നിന്ന് നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി.
നോവസ്‌കോട്ടിയയിലെ കെന്റ് വില്ലയില്‍ ജനിച്ച അനിത ആനന്ദിന്റെ അമ്മ സരോജ് ഡി റാം പഞ്ചാവ് സ്വദേശിയും അച്ഛന്‍ എസ്.വി (ആന്‍ഡെ) തമിഴ്‌നാട് സ്വദേശിയുമാണ്. രണ്ടുപേരും ഡോക്ടര്‍മാരാണ്. അനിത ആനന്ദിനെ കൂടാതെ ഗീത ആനന്ദ്, സോണിയ ആനന്ദ് എന്നീ രണ്ട് സഹോദരികളുമുണ്ട്. ഇന്ത്യന്‍ സ്വതന്ത്ര സമര സേനാനി കൂടിയായ വി.എ സുന്ദരനാണ് അനിതയുടെ മുത്തച്ഛന്‍.
1960-കളിലാണ് അനിതയുടെ കുടുംബം നൈജീരിയയിലേയ്ക്ക് കുടിയേറിയത്. പിന്നീട് ഇവിടെനിന്ന് കാനഡയിലേക്ക് കുടിയേറുകയായിരുന്നു. അന്ന് വെറും 5000 ആളുകള്‍ മാത്രമുണ്ടായിരുന്ന കെന്റ്‌വില്ലെ എന്ന സ്ഥലത്തായിരുന്നു താമസം. ഇവിടെവെച്ച് 1967-ല്‍ ആണ് അനിത ജനിക്കുന്നത്. പഠനത്തിന്റെ ഭാഗമായി 1985-ല്‍ ഒണ്‍ടാറിയോയിലേക്ക് മാറുകയും ചെയ്തു. പഠനവും രാഷ്ട്രീയ പ്രവേശനവുമെല്ലാം ഇവിടെവെച്ചായിരുന്നു. ബിരുദ പഠനകാലത്തെ സുഹൃത്ത് ജോണിനെ 1995-ല്‍ വിവാഹംകഴിച്ചു. കഴിഞ്ഞ 21 വര്‍ഷമായി ഓക്‌വില്ലെയില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് നാല് കുട്ടികളുണ്ട്.
രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പബ്ലിക് സര്‍വീസസ് ആന്റ് പ്രൊക്യുയര്‍മെന്റ് മന്ത്രിയായിരുന്ന കാലത്തായിരുന്നു കോവിഡ് 19 വ്യാപനം. ഇക്കാലത്ത് രാജ്യത്ത് കോവിഡ് വാക്‌സിന്‍ എത്തിക്കുന്നതില്‍ അനിത നിര്‍ണായക പങ്കുവഹിച്ചു. 2021-ല്‍ കാനഡയുടെ പ്രതിരോധ മന്ത്രിയുമായി. പിന്നീട് ട്രഷറി ബോര്‍ഡില്‍ പ്രവര്‍ത്തിക്കുകയും കാനഡയുടെ ഗതാഗത മന്ത്രിയാവുകയും ചെയ്തു.
അനിതയെ കൂടാതെ മുന്‍ ഉപപ്രധാനമന്ത്രി കൂടിയായിരുന്ന ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, ബാങ്ക് ഓഫ് കാനഡയുടെ മുന്‍ ഗവര്‍ണറായിരുന്ന മാര്‍ക് കാര്‍ണി, ധനമന്ത്രി ഡൊമനിക് ഡി ബ്ലാങ്ക്, വിദേശകാര്യ മന്ത്രി മെലാനി ജോളി എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
Leave a Reply