നാഷണല്‍ ഹെറാള്‍ഡ് ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. 12 മണിയോടെയാണ് സോണിയ ഗാന്ധി, മക്കളായ പ്രിയങ്കയ്ക്കും രാഹുല്‍ ഗാന്ധിക്കും അഭിഭാഷകയ്ക്കുമൊപ്പം ഇ.ഡി ഓഫീസിലെത്തിയത്. സോണിയ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് കാറിനെ അനുഗമിച്ച എം.പിമാര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായി. സോണിയ ഗാന്ധിയുടെ കാര്‍ മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇ.ഡി ആസ്ഥാനത്തേക്ക് കടത്തിവിട്ടത്.

രാഹുല്‍ ഗാന്ധി ഇ.ഡി ആസ്ഥാനത്തു എത്തി. സോണിയയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ പ്രിയങ്കയെ സഹായത്തിനായി അനുവദിച്ചിട്ടുണ്ട്.

സോണിയയെ ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രതിഷേധിച്ചവരെയാണ് കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ എല്ലാം കസ്റ്റഡിയിലായിട്ടുണ്ട്. സമാധാനപരമാണ് പ്രതിഷേധമെന്നും പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് എം.പി ദീപേന്ദ്രര്‍ എസ്.ഹൂഡ പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. വിലക്കയറ്റം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചുവെങ്കിലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും മല്ലികാര്‍ജുന ഖാര്‍ഗെ വിമര്‍ശിച്ചു.

സോണിയ ഗാന്ധിയെ അപമാനിക്കാനാണ് ഇ.ഡിയുടെ ശ്രമം. കോണ്‍ഗ്രസിനെതിനെ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗിക്കുകയാണെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ പറഞ്ഞു.

ഇ.ഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.