ന്യൂസ് ഡെസ്ക്, മലയാളം യുകെ
2024 യുകെയുടെ നെറ്റ് മൈഗ്രേഷൻ 4,31,000 ആയി ആണ് കുറഞ്ഞത്. 2023 മായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 50 ശതമാനം കുറവാണ്. ആളുകളുടെ കുടിയേറുന്നതിന്റെയും തിരിച്ചു പോകുന്നതിലും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷൻ. 948,000 പേർ യുകെയിൽ എത്തിയപ്പോൾ 517,000 പേർ രാജ്യം വിട്ടു പോയി. യുകെ സർക്കാർ നടപ്പിലാക്കിയ കനത്ത കുടിയേറ്റ നയങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യയിൽ നിന്നുള്ളവരെയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒ എൻ എസ് ) ൻ്റെ കണക്കുകൾ പ്രകാരം 2024 ൽ രാജ്യം വിട്ട കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം ഇന്ത്യയിൽ നിന്നുള്ളവരാണ്. കണക്കുകൾ അനുസരിച്ച് പഠന ആവശ്യങ്ങൾക്കായി വന്ന ഏകദേശം 37, 000 ഇന്ത്യക്കാരാണ് കഴിഞ്ഞവർഷം മാത്രം യുകെയിൽ നിന്ന് തിരിച്ചു പോയത്.
ജോലിയ്ക്കും മറ്റുമായി വന്ന 20000 പേരും യുകെയിൽ തിരിച്ചു പോയവരുടെ പട്ടികയിലുണ്ട്. രാജ്യം വിട്ടവരുടെ എണ്ണത്തിൽ തൊട്ടടുത്ത സ്ഥാനം ചൈനക്കാർക്കാണ്. ഏകദേശം 450,000 ചൈനയിൽ നിന്നുള്ളവർ കഴിഞ്ഞവർഷം യുകെയിൽ നിന്ന് തിരിച്ചുപോയി. വിദ്യാർത്ഥി വിസയിലും കെയർ വർക്ക് വിസയിലും യുകെ സർക്കാർ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇത്തരം നടപടികളുടെ പ്രതിഫലനമാണ് വ്യാപകമായി ഇന്ത്യയിൽ നിന്നുള്ളവരുടെ എണ്ണത്തിൽ കുറവ് വരുവാൻ കാരണം.
യുകെയിൽ ജോലിക്കും പഠനത്തിനും വരുന്നവരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെയും ആശ്രിതരുടെയും എണ്ണത്തിലെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് ഒഎൻഎസിലെ പോപ്പുലേഷൻ സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ മേരി ഗ്രിഗറി പറഞ്ഞു. യുകെയിലേക്കുള്ള ദീർഘകാല കുടിയേറ്റം ഏകദേശം മൂന്ന് വർഷത്തിനിടെ ആദ്യമായി 1 ദശലക്ഷത്തിൽ താഴെയായി. നെറ്റ് മൈഗ്രേഷനിലെ കുറവ് ലേബർ സർക്കാരിന് ആശ്വാസകരമായ വാർത്തയാണ് . കടുത്ത കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കിയ റീഫോം പാർട്ടിയുടെ വിജയം മുഖ്യധാര പാർട്ടികളായ ലേബർ പാർട്ടിയെയും കൺസർവേറ്റീവ് പാർട്ടിയെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഋഷി സുനക് സർക്കാരിൻറെ അവസാന കാലത്ത് നടപ്പിലാക്കിയ നയങ്ങളാണ് നെറ്റ് മൈഗ്രേഷൻ കുറയുന്നതിന് കാരണമായത് എന്ന് മുൻ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു.
Leave a Reply