ഭാര്യയെയും മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഇന്ത്യക്കാരനായ ടെക് സംരംഭകന്‍ യുഎസില്‍ ജീവനൊടുക്കി. കര്‍ണാടക മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന എസ്. കിക്കേരി(57)യാണ് ഭാര്യ ശ്വേത പന്യ(44)ത്തെയും 14 വയസ്സുള്ള മകനെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. വാഷിങ്ടണ്‍ ന്യൂകാസിലിലെ വസതിയില്‍ ഏപ്രില്‍ 24-നായിരുന്നു സംഭവമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ട 14 വയസ്സുകാരനെ കൂടാതെ ദമ്പതിമാര്‍ക്ക് മറ്റൊരു മകന്‍കൂടിയുണ്ട്. എന്നാല്‍, സംഭവസമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഈ മകന്‍ സുരക്ഷിതനാണെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, കൊലപാതകത്തിനും ആത്മഹത്യയ്ക്കും പ്രേരണയെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
മാണ്ഡ്യ സ്വദേശിയായ ഹര്‍ഷവര്‍ധന കിക്കേരി മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ‘ഹോലോവേള്‍ഡ്’ എന്ന റോബോട്ടിക്‌സ് കമ്പനിയുടെ സിഇഒയായിരുന്നു. ഭാര്യ ശ്വേത ഇതേ കമ്പനിയുടെ സഹസ്ഥാപകയുമായിരുന്നു. നേരത്തേ യുഎസിലായിരുന്ന ഹര്‍ഷവര്‍ധനയും ഭാര്യയും 2017-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷമാണ് ‘ഹോലോവേള്‍ഡ്’ റോബോട്ടിക്‌സ് കമ്പനി സ്ഥാപിച്ചത്. എന്നാല്‍, കോവിഡ് വ്യാപനത്തിന് പിന്നാലെ 2022-ല്‍ കമ്പനി അടച്ചുപൂട്ടേണ്ടിവന്നു. ഇതോടെ ഹര്‍ഷവര്‍ധനയും കുടുംബവും യുഎസിലേക്ക് മടങ്ങുകയായിരുന്നു.
Leave a Reply