ന്യൂസ് ഡെസ്ക് മലയാളം യുകെ
വ്യാപന ശേഷി കൂടിയ ജനിതക മാറ്റം വന്ന ഇന്ത്യൻ വകഭേദത്തിന് വാക്സിനുകൾ ഫലപ്രദമാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പുറത്തുവന്നു. പുതിയ വൈറസ് വകഭേദം മാരകമാണെന്ന് മാത്രമല്ല കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതാണെന്നുമുള്ള ഞെട്ടിക്കുന്ന വസ്തുതകളിലേയ്ക്കാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ ബ്രിട്ടനെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നതാണ്.
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണാ വൈറസ് വേരിയന്റ് കേസുകൾ യുകെയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയിലധികമായത് രാജ്യത്തിൻെറ ലോക്ഡൗൺ ഇളവുകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തുന്നതിന് വിഘാതം സൃഷ്ടിക്കുമോ എന്ന് പരക്കെ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ ആഴ്ചയിൽ തന്നെ പ്രസ്തുത കേസുകൾ 520 നിന്ന് 1313 കേസുകളായി ഉയർന്നത് ഇത് മറ്റുള്ള കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ വേഗത്തിൽ വ്യാപിക്കുന്നതിന് തെളിവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പുതിയ വൈറസ് വകഭേദത്തിൻെറ ആഘാതവും തീവ്രതയും വ്യാപന ശേഷിയും സജീവമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. പുതിയ വൈറസ് വകഭേദത്തിൻെറ വ്യാപനം തടയുന്നതിനുള്ള ഒരു നടപടിയും തള്ളിക്കളയുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പുതിയ വേരിയന്റിൻെറ വ്യാപന ശേഷി പരിശോധിക്കുന്നതിൻെറ ഭാഗമായി ഇതുവരെ 60000 ത്തിലധികം ആൾക്കാർക്കാണ് രാജ്യത്ത് പിസിആർ ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്.
Leave a Reply