അമേരിക്കയില്‍ എത്തുന്നവര്‍ രാജ്യത്തെ വിസ നിയമങ്ങള്‍ ലംഘിച്ചാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇന്ത്യയിലെ യു.എസ് എംബസിയുടെ മുന്നറിയിപ്പ്.

അക്രമം, കവര്‍ച്ച എന്നിവ നടത്തുന്നത് വിസ റദ്ദാക്കാന്‍ ഇടയാക്കുമെന്ന് എംബസി അറിയിച്ചു. മാത്രമല്ല, ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഭാവിയില്‍ യു.എസ് വിസയ്ക്ക് അയോഗ്യരാകുമെന്നും എംബസിയുടെ മുന്നറിയിപ്പിലുണ്ട്.

അമേരിക്കയിലെ ഇല്ലിനോയിസില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ച ഇന്ത്യന്‍ വനിത പിടിയിലായതിന് പിന്നാലെയാണ് എംബസിയുടെ ഉപദേശം. അമേരിക്കയിലെത്തുന്ന വിദേശ സന്ദര്‍ശകര്‍ രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.

സന്ദര്‍ശക വിസയില്‍ അമേരിക്കയിലേക്ക് വരുന്നവര്‍ രാജ്യത്തെ ക്രമസമാധാന നിലയെ മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മെയ് ഒന്നിന് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 1.11 ലക്ഷം രൂപ വരുന്ന സാധനങ്ങള്‍ മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ച സ്ത്രീയെ പൊലീസ് പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നലെയാണ് എംബസിയുടെ പ്രതികരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏഴ് മണിക്കൂറോളം ഇവര്‍ സ്റ്റോറില്‍ ചുറ്റിത്തിരിയുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓരോ സാധനങ്ങള്‍ എടുക്കുന്നതും പിന്നീട് ഫോണില്‍ എന്തോ പരിശോധിക്കുന്നതും ജീവനക്കാര്‍ ശ്രദ്ധിച്ചു. ഒടുവില്‍ പണം അടയ്ക്കാതെ സാധനങ്ങളുമായി പുറത്തു പോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പൊലീസിനെ വിളിച്ചത്.

പിടിക്കപ്പെട്ടതോടെ പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സ്ത്രീ ശ്രമിച്ചു. ക്ഷമിക്കണമെന്നും താന്‍ ഈ രാജ്യത്തുള്ള ആളല്ലെന്നും ഇവിടെ താമസമാക്കാന്‍ പോകുന്നില്ലെന്നുമാണ് അവര്‍ പറഞ്ഞത്.

എന്നാല്‍ ഇന്ത്യയില്‍ സാധനങ്ങള്‍ മോഷ്ടിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടോയെന്നും താന്‍ അങ്ങനെ കരുതുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥ ഇവര്‍ക്ക് മറുപടി നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നു. സ്ഥാപനത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സ്ത്രീയെ കൈയില്‍ വിലങ്ങണയിച്ചാണ് പൊലീസുകാര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.