കോവിഡ്19 വ്യാപനത്തെ തുടർന്നു കുറഞ്ഞിരുന്ന വീസാ–ജോലി തട്ടിപ്പ് സംഭവങ്ങൾ വീണ്ടും പെരുകി. അജ്മാൻ, ഷാർജ എന്നീ എമിറേറ്റുകളിൽ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാർ വീസാ തട്ടിപ്പിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരിൽ ഒട്ടേറെ സ്ത്രീകളുമുണ്ട്.

കേരളത്തിനു പുറമെ തമിഴ്നാട്, ഉത്തരേന്ത്യ, ബിഹാർ, മഹാരാഷ്ട്ര, ഡൽഹിയുടെ ഉൾഭാഗങ്ങൾ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള പാവപ്പെട്ടവരാണു കൂടുതലും. വാഗ്ദാനം ചെയ്തിരുന്ന ജോലിയോ വൃത്തിയും സൗകര്യവുമുള്ള താമസ സ്ഥലമോ ദിവസം ഒരുനേരമെങ്കിലും കൃത്യമായ ഭക്ഷണമോ ഇല്ലാതെ അജ്മാൻ, ഷാർജ നഗരങ്ങളിലെ കുടുസു മുറികളിൽ കണ്ണീരൊഴുക്കി കഴിയുകയാണ് ഇവരെല്ലാം. ഷാർജയിലെയും മറ്റും പാർക്കുകളിൽ കനത്ത ചൂടു സഹിച്ചു ഭക്ഷണം പോലുമില്ലാതെ കഴിയുന്നവരും ഏറെ.

വീസാ ഏജന്റുമാർ മുഖേനയല്ലാതെ സ്വന്തമായി സന്ദർശക വീസയിൽ തൊഴിൽ തേടിയെത്തിയ ഒട്ടേറെ യുവാക്കളും യുഎഇയുടെ പല ഭാഗത്തും ദുരിതത്തിലാണ്. മൂന്നു മാസത്തോളമായി ജോലി തേടി പൊരിവെയിലത്ത് അലയുന്ന ഇവര്‍ക്കു സഹായഹസ്തവുമായി ആരുമെത്തിയിട്ടില്ല. ഇവരെല്ലാം നാട്ടിൽ ചെറുകിട ജോലികൾ ചെയ്തുവരവെയാണു കോവി‍ഡ് വ്യാപകമായത്. ലോക്ഡൗൺ കാലത്തു വെറുതെ വീട്ടിലിരിക്കേണ്ടി വന്നു. പിന്നീടു കാര്യമായ ജോലിയൊന്നും ലഭിച്ചില്ല. ആ സമയത്താണു ഗൾഫ് മോഹം രൂക്ഷമായത്. ഇവിടെ വന്നാൽ എന്തെങ്കിലും ജോലി കിട്ടാതിരിക്കില്ലെന്നും അതുവഴി ബാധ്യതകൾ തീർത്തു കുടുംബത്തിനു നല്ലൊരു ജീവിതം നൽകാനാകുമല്ലോ എന്നുമായിരുന്നു പ്രതീക്ഷയെന്നു ബിടെക് സിവിൽ എൻജിനീയറായ തൃശൂർ മാമ്പ്ര സ്വദേശി പ്രവീൺ പറഞ്ഞു.

വിവാഹം കഴിഞ്ഞ് 10 മാസമേ ആയുള്ളൂ. കടം വാങ്ങിയാണു സന്ദർശക വീസയ്ക്കും വിമാന ടിക്കറ്റിനും പണം കണ്ടെത്തിയത്. പരിചയക്കാരനായ ഒരാൾ ഷാർജയിലുണ്ടായിരുന്നത് ഇപ്പോൾ നാട്ടിലാണ്. അതുകൊണ്ടു താമസിക്കാനും ഭക്ഷണത്തിനും ബുദ്ധിമുട്ടിലാണ്. ബയോഡാറ്റയുമായി യുഎഇയിലെ മിക്ക നിർമാണ കമ്പനികളിലും കയറിയിറങ്ങി. ഒടുവില്‍ ജീവിതം വഴിമുട്ടുമെന്നായപ്പോഴാണു സഹായം തേടി ഷാർജ ഇന്ത്യൻ അസോസിയേഷനെ സമീപിച്ചത്. പ്രവീണിനു നാട്ടിൽ സിവിൽ എൻജിനീയറിങ് മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. ഫോൺ:+971588124332, +919946485517. ഏതെങ്കിലും മനുഷ്യസ്നേഹിയായ തൊഴിലുടമ തന്നെത്തേടിയെത്തുമെന്നാണു പ്രതീക്ഷ.

കൊല്ലം കുണ്ടറ സ്വദേശി എ.അനീസ്, പത്തനംതിട്ട സ്വദേശി രതീഷ്, കോട്ടയം കറുകച്ചാൽ സ്വദേശി സുബിൻ എന്നിവരും ജോലിയില്ലാതെ വലഞ്ഞു കഴിഞ്ഞദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനിലെത്തിയവരാണ്. ഏപ്രിൽ 30നാണ് അനീസ് യുഎഇയിലെത്തിയത്. നാട്ടിൽ നിന്നു ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി സന്ദർശക വീസയും വിമാന ടിക്കറ്റുമെടുത്തു. ജോലി ലഭിക്കാതെ തിരിച്ചുപോയാൽ ആ കടം എങ്ങനെ വീട്ടുമെന്നറിയാതെ പ്രതിസന്ധിയിലാണെന്ന് അനീസ് പറഞ്ഞു. ഫോൺ–+971503995430, വാട്സാപ്പ്: +91 9633730794. രതീഷും സുബിനും ഇതേ ദുരിത കഥ തന്നെയാണു പങ്കുവയ്ക്കാനുള്ളത്. തങ്ങൾ താമസിക്കുന്ന ഷാർജ റോളയിലെ ഫ്ലാറ്റിൽ അൻപതിലേറെ പേർ ഭക്ഷണം പോലും ഇല്ലാതെ കഴിയുകയാണെന്നും വീസാ ഏജന്റിന്റെ തട്ടിപ്പിൽപ്പെട്ടവരാണ് ഇവരെല്ലാമെന്നും രതീഷ് പറഞ്ഞു. മിക്കവരുടെയും വീസാ കാലാവധി കഴിയാറായി. എത്രയും പെട്ടെന്നു ജോലി ലഭിച്ചില്ലെങ്കിൽ ജീവിതം ആകെ പ്രതിസന്ധിയിലാകുമെന്ന് ഇൗ യുവാക്കൾ പറയുന്നു. ഫോൺ–: 971503653725.

നാട്ടിൽ നിന്ന് ഏജന്റ് മുഖേനയും സ്വയം സന്ദർശക വീസയെടുത്തും യുഎഇയിൽ തൊഴിൽ തേടിയെത്തുന്നവരിൽ നിത്യേന പതിനഞ്ചോളം പേരെങ്കിലും സഹായമഭ്യർഥിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനെ സമീപിക്കുന്നതായി പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം പറഞ്ഞു. അവിദഗ്ധരായ ഉദ്യോഗാർഥികൾ ജോലി തേടി വിദേശത്ത് വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വർഷങ്ങളായി ഇന്ത്യയിലും ഇവിടെയും അധികൃതർ ബോധവത്കരണം നടത്തുന്നുണ്ട്. പക്ഷേ, എന്നിട്ടും ട്രാവൽ ഏജസിയുടെ തട്ടിപ്പിൽപ്പെട്ട് യുഎഇയിലെത്തി ജോലിയോ മറ്റോ ലഭിക്കാതെ വലയുന്നവർ ഏറെ.

ഒന്നര ലക്ഷത്തോളം രൂപ നൽകിയാണ് സന്ദർശക, ട്രാൻസിറ്റ്, ടൂറിസ്റ്റ് വീസകളിൽ ആളുകൾ ഗൾഫിലെത്തുന്നത്. യുഎഇയിൽ മാത്രം നിത്യേന നൂറുകണക്കിനു പേർ വന്നിറങ്ങുന്നു. നാട്ടിൽ ജോലി സമ്പാദിക്കുക പ്രയാസകരമായതിനാലാണു പലരും ഗൾഫിലേക്കു വിമാനം കയറുന്നത്. വ്യാജ തൊഴിൽ കരാർ ഉണ്ടാക്കി തൊഴിൽ വീസയെന്നു പറഞ്ഞാണു സന്ദർശക വീസയും മറ്റും ഏജൻസി നൽകുന്നത്. ഇത് യഥാർഥ തൊഴിൽകരാറാണോ എന്നു പരിശോധിക്കാൻ പോലും ഇവർ തയ്യാറാകുന്നില്ല. കേരളത്തിലെ ഒാരോ ജില്ലയിലും നോർക്കയ്ക്ക് ഒാഫിസുകളുണ്ട്. തൊഴിൽ കരാർ, വീസ ലഭിച്ചാൽ അത് ഇൗ ഒാഫിസിൽ കാണിച്ചു പരിശോധിക്കാവുന്നതാണ്. അതിനു പോലും മുതിരാത്തവരാണു തട്ടിപ്പിനിരയാകുന്നത്.

ഇന്ത്യൻ അസോസിയേഷനിൽ എത്തുന്നവരിൽ ഭൂരിഭാഗത്തിനും മടക്കയാത്രയ്ക്കു വിമാന ടിക്കറ്റാണ് ആവശ്യം. കഴിഞ്ഞ ദിവസം ഉടുതുണി മാത്രം ബാക്കിയുള്ള, ഭക്ഷണം കഴിച്ച് ഏറെ നാളായ ഒരു യുവാവ് തങ്ങളെ സമീപിച്ചു. ഇവർക്കെല്ലാം വിമാന ടിക്കറ്റും ഭക്ഷണവുമെല്ലാം അസോസിയേഷൻ നൽകിവരുന്നു. പക്ഷേ, നാട്ടിൽ തിരിച്ചു ചെന്നാൽ ഇങ്ങോട്ടുവരാൻ വാങ്ങിയ കടബാധ്യത എങ്ങനെ വീട്ടുമെന്നാണ് ആലോചിക്കേണ്ടത്. ദുരിതത്തിലായവർ കൂടുതൽ ദുരിതത്തിലാകുന്ന കാഴ്ചയാണ് എങ്ങുമെന്നും റഹീം പറഞ്ഞു. ഇത്തരം വീസാ–ജോലി തട്ടിപ്പുകൾക്കെതിരെ അധികൃതർ കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന കേരള ലോക കേരള സഭയിൽ ഞാൻ ഇൗ വിഷയം അവതരിപ്പിക്കുകയുണ്ടായി. കേരള സർക്കാരും നോർക്കയും തട്ടിപ്പു ഏജൻസികൾക്കെതിരെ നടപടിയെടുക്കാനും ഉദ്യോഗാർഥികൾക്കു ബോധവൽക്കരണം നൽകാനും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നു പ്രതീക്ഷിക്കുന്നുവെന്നും റഹീം പറഞ്ഞു.

1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് അജ്മാൻ, ഷാർജ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നത്. ഇപ്പോഴും ഇത്തരം തട്ടിപ്പുകളിൽ വീണു പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുണ്ടെന്ന കാര്യം അത്ഭുതം തന്നെ. പ്രവാസികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണു ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകണം. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്നു ഫീസ് ഇൗടാക്കുകയില്ലെന്നും ഒാർമിപ്പിക്കുന്നു.

ഒരാൾക്കു വിദേശത്തു ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്തു വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ടു വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്കു കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്.

വ്യാജ തൊഴിൽ കരാറും ഓഫർ ലറ്ററുകളും കാണിച്ചു പണം തട്ടുന്ന സംഭവം ഏറെയാണ്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ വിദേശത്തെ തൊഴിലന്വേഷകരിൽ നിന്നാണു വ്യാജകരാറൂകൾ വഴി പണം തട്ടുന്നത്.യുഎഇയിലേക്കു വീസയിൽ വരുന്നതിനു മുൻപ് പ്രാഥമികമായി ഓഫർ ലെറ്റർ നൽകും. ലഭിക്കാൻ പോകുന്ന തൊഴിൽ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ ഈ പത്രികയും തൊഴിൽ കരാറും കാണിച്ചാണു ചില സംഘം വിദേശത്തുള്ള ഉദ്യോഗാർഥികളെ കബളിപ്പിച്ചു പണം തട്ടുന്നത്. മോഹിപ്പിക്കുന്ന ശമ്പളവും തൊഴിൽ ആനുകൂല്യങ്ങളുമാണു കരാറിൽ കാണിക്കുക.ഈ കരാർ കാണിച്ചു വീസാ നടപടിക്രമങ്ങൾക്കു വേണ്ടി തൊഴിൽ അന്വേഷകരിൽ നിന്നു നിശ്ചിത വിലാസത്തിൽ പണം അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയാണു വീസാ തട്ടിപ്പിന്റെ പുതിയ രീതി.

യുഎഇയിലെ ഒരു ആശുപത്രിയുടെ പേരിൽ ഒരാൾക്കു ലഭിച്ച തൊഴിൽ കരാറിൽ മെച്ചപ്പെട്ട വേതനവും ആകർഷിക്കുന്ന അനുബന്ധ ആനുകൂല്യങ്ങളുമാണു കാണിച്ചിരുന്നത്. സംശയം തോന്നിയ തൊഴിലന്വേഷകൻ പരിചയക്കാർ വഴി തൊഴിൽ കരാർ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിൽ ആശുപത്രി കരാർ അയച്ചിട്ടില്ലെന്നു വ്യക്തമായി. കരാർ കാണിച്ചു പണം തട്ടാൻ ആശുപത്രിയുടെ പേരിൽ വ്യാജ കരാർ ചമയ്ക്കുകയാണു സംഘം ചെയ്തത്.

പലർക്കും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങി പണം നഷ്ടപെട്ടതായാണു വിവരം. വിവിധ കമ്പനികളുടെ പേരിൽ രൂപപ്പെടുത്തിയ തൊഴിൽ കരാറുകൾ അയച്ചുകൊടുത്താണു വിദേശങ്ങളിലുള്ള തൊഴിലന്വേഷകരിൽ നിന്നു പണാപഹരണം നടത്തുന്നത്. പണം കിട്ടിക്കഴിഞ്ഞാൽ ഈ കമ്പനികൾ അപ്രത്യക്ഷമാവുകയാണു പതിവ്.

യുഎഇയിൽ വീസ ലഭിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിക്കേണ്ടതു തൊഴിലുടമയാണ്. അതു കൊണ്ടു വീസ ലഭിക്കാൻ ആർക്കും പണം കൈമാറരുതെന്ന് അധികൃതർ വ്യക്തമാക്കുന്നു. തൊഴിൽ കരാറിന്റെ പേരിൽ ചെക്കിലോ മറ്റു രേഖകളിലോ ഒപ്പിട്ടു നൽകാനും പാടില്ല. ഔദ്യോഗിക സ്ഥാപനങ്ങളുമായല്ലാതെ കരാറുകൾ രൂപപ്പെടുത്തരുത്. തൊഴിൽ പരസ്യങ്ങൾ പത്രമാധ്യമങ്ങളിലോ മറ്റോ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തുന്നതോ മാത്രം അവലംബിക്കുക.

ഏതെങ്കിലും വ്യക്തികളെയോ അടിസ്ഥാനമില്ലാത്ത വെബ് സൈറ്റുകളെയോ അവലംബിച്ചു വീസയ്ക്കായി ഇടപാടുകൾ നടത്തരുത്. തൊഴിൽ ഓഫർ ലഭിച്ചാൽ ഏജൻസികൾ വഴിയോ മറ്റോ സ്ഥാപനങ്ങളുടെ സ്ഥിരതയും സത്യസന്ധതയും ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.