പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളം നിറച്ച സിമന്റ് ടാങ്കിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ മറ്റൊരാൾക്കും പങ്കുണ്ടെന്ന സൂചന. കുട്ടികളുടെ അമ്മ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് ഇത്തരമൊരു സൂചന ലഭിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി.
കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ചുവയസ്സുകാരി ജനിഫർ ജൂലിയറ്റും മൂന്നുവയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് വീട്ടിൽ അമ്മയും കുട്ടികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടികളെ കൊലപ്പെടുത്തിയതായി അമ്മ നിവേദ്യ കുറ്റം സമ്മതിക്കുകയായിരുന്നു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ സെപ്റ്റംബർ 29ന് രാവിലെ പത്തരയോടെയാണ് വാടകവീട്ടിലെ കുളിമുറിയിലുള്ള വെള്ളം നിറച്ച സിമന്റ് ടാങ്കിൽ കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം വെള്ളത്തിൽ വീണ് മുങ്ങിമരിച്ചതാണെന്നായിരുന്നു നിഗമനം. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.











Leave a Reply