തമിഴ്നാട്ടിൽനിന്ന് 11 വർഷംമുൻപ് കാണാതായ യുവതിയെ തേടി ക്രൈംബ്രാഞ്ച് സംഘം പത്തനംതിട്ടയിൽ. കോയമ്പത്തൂർ കരുമത്താംപട്ടി സ്വദേശിനി ധരിണി ഇവിടെയുമെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം അന്വേഷണം കേരളത്തിലേക്കുകൂടി വ്യാപിപ്പിച്ചത്.
2014 സെപ്റ്റംബർ 17-ന് കാണാതാകുമ്പോൾ ധരിണിക്ക് 38 വയസുണ്ടായിരുന്നു. അവിവാഹിതയാണ്. ഉയരം അഞ്ചടി ഏഴിഞ്ച്. വെളുത്തനിറം, കണ്ണടയുണ്ട്. വലത് കവിൾത്തടത്തിൽ അരിമ്പാറ എന്നിവയാണ് അടയാളങ്ങൾ. കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ബിരുദധാരിയുമാണ് ധരിണി. ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്ന സ്വഭാവമുള്ള ധരിണിക്ക് ആരാധനാലയങ്ങൾ സന്ദർശിക്കാൻ ഏറെ താത്പര്യപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
സ്കൂളിലോ കോളേജിലോ ട്യൂഷൻ സെന്ററിലോ ഇവർ ജോലി ചെയ്യാനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് തേടുന്നത്. 2015 ഫെബ്രുവരി 27-ന് ധരിണി ചെങ്ങന്നൂർ മുതൽ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം വരെ സഞ്ചരിച്ചിരുന്നു എന്ന് സൂചന ലഭിച്ചതിനെത്തുടർന്നാണ് തമിഴ്നാട്ടിൽനിന്നുള്ള അന്വേഷണസംഘം പത്തനംതിട്ടയിലെത്തിയത്. ജില്ലാ പോലീസിന്റെ സഹായവും തേടി.
തിരുപ്പൂർ, അവിനാശി, കോയമ്പത്തൂർ, കുമരത്താംപട്ടി എന്നിവിടങ്ങളിൽ ധരിണി മുൻപ് താമസിച്ചിരുന്നു. ഒന്നിലധികം ഇ-മെയിൽ ഐഡികളുള്ളയാളാണ്. എന്നാൽ പത്തനംതിട്ടയിലെത്തിയശേഷം ഇ-മെയിൽ വഴി യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ല. ഇ-മെയിൽ ഐഡികൾ ഒഴിവാക്കിയതായും സംശയമുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ഇവർ ഇത്തരം അക്കൗണ്ടുകൾ ഇപ്പോൾ ഉപയോഗിക്കുന്നില്ല.
ധരിണിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ക്രൈംബ്രാഞ്ച് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരംലഭിക്കുന്നവർ കോയമ്പത്തൂർ സിറ്റി ക്രൈംബ്രാഞ്ച് സിഐഡി വിഭാഗവുമായി ബന്ധപ്പെടേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
Leave a Reply