ന്യൂസ് ഡെസ്ക്, മലയാളം യുകെ

.ബ്രിട്ടനിലെ പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ 2.8 ശതമാനമായി താഴ്ന്നതായുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവന്നു. മാർച്ചിലെ 3.3 ശതമാനത്തിൽ നിന്ന് ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്ധനവില വർധനയും ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള അനിശ്ചിതത്വവും നിലനിന്നിരുന്നിട്ടും, ഗൃഹോപയോഗ വൈദ്യുതി നിരക്കിൽ വന്ന ഇളവാണ് പണപ്പെരുപ്പം കുറയാൻ പ്രധാന കാരണമായതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കി. സാധാരണ കുടുംബങ്ങളുടെ വാർഷിക വൈദ്യുതി–ഗ്യാസ് ബിൽ 117 പൗണ്ട് കുറഞ്ഞതും ആശ്വാസമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ഇറാൻ യുദ്ധത്തിന്റെ യഥാർത്ഥ സാമ്പത്തിക പ്രശ്നങ്ങൾ ഇനിയും പൂർണമായി ജനങ്ങളിലെത്താനുണ്ടെന്ന ആശങ്കയും ശക്തമാണ്. ആഗോള എണ്ണവില ബാരലിന് 110 ഡോളറിന് മുകളിലെത്തിയതോടെ പെട്രോൾ–ഡീസൽ വില കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഏപ്രിലിൽ മാത്രം മോട്ടോർ ഇന്ധനവിലയിൽ 23 ശതമാനം വർധന രേഖപ്പെടുത്തി. ജൂലൈയിൽ ഗൃഹോപയോഗ ഊർജ നിരക്കുകൾ വീണ്ടും 13 ശതമാനം വരെ ഉയരാമെന്ന പ്രവചനവും പുറത്തുവന്നു. ഇതോടെ വരും മാസങ്ങളിൽ പണപ്പെരുപ്പം വീണ്ടും 4 ശതമാനത്തോട് അടുക്കാമെന്ന വിലയിരുത്തലാണ് വിദഗ്ധർക്കുള്ളത്.

ഈ സാഹചര്യം സർക്കാരിനും ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും വലിയ വെല്ലുവിളിയായി മാറുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാനായി പലിശനിരക്ക് ഉയർത്തണോ, അല്ലെങ്കിൽ സാമ്പത്തിക വളർച്ച സംരക്ഷിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് സാമ്പത്തിക വിദഗ്ദർ. എന്നാൽ ഇപ്പോഴത്തെ ഇടിവ് ചാൻസലർ റേച്ചൽ റീവ്സിന് ആശ്വാസമായി. ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള പുതിയ നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അവർ അറിയിച്ചു. റെയിൽ നിരക്ക് വർധന മരവിപ്പിച്ചതും കുടുംബ ബില്ലുകളിൽ ഇളവ് നൽകിയതുമാണ് ഇപ്പോഴത്തെ ആശ്വാസത്തിന് കാരണമായതെന്ന് സർക്കാർ അവകാശപ്പെട്ടു.