വടക്കു കിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ വാർത്താ വിനിമയ മന്ത്രാലയം വിലക്കേർപ്പെടുത്തിയ രണ്ട് മലയാളം ചാനലുകളുടെയും വിലക്ക് പിൻവലിച്ചു. വെള്ളിയാഴ്ച രാത്രി മുതൽ നിലവിൽ വന്ന 48 മണിക്കൂർ വിലക്ക് മണിക്കൂറുകൾക്ക് ശേഷം പിൻവലിക്കുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു എഷ്യാനെറ്റിന്റെ വിലക്ക് പിൻവലിച്ചത്. രാവിലെ 9 മണിയോടെ മീഡിയ വണ്ണിനെതിരായ നടപടിയും പിൻവലിക്കുകയായിരുന്നു. ഇരു ചാനലുകളും സംപ്രേക്ഷണം പുനഃരാരംഭിച്ചു. എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് വിലക്ക് പിൻവലിച്ചതെന്ന് വ്യക്തമാക്കാൻ ചാനലുകളോ മന്ത്രാലയമോ തയ്യാറായിട്ടില്ല.
വിലക്ക് പിൻവലിച്ച കാര്യം അറിയില്ലെന്നായിരുന്നു മീഡിയ വൺ നൽകുന്ന പ്രതികരണം. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ നേരിട്ട് അപ്ലിങ്കിങ് സ്ഥാപനത്തിലേക്കാണ് പോകുന്നതെന്നും മീഡീയ വൺ അറിയിച്ചു. ചാനലുകൾ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജൻസികളോടാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്താനായി ആവശ്യപ്പെട്ടത്. ഇതാണിപ്പോൾ നീക്കിയതെന്നാണ് വിവരം.
ഡൽഹി കലാപം സംബന്ധിച്ച വിഷയത്തിൽ രണ്ട് ചാനലുകൾക്കും നേരത്തെ തന്നെ സർക്കാരിന്റെ നോട്ടീസ് ലഭിക്കുകയും അതിന് രണ്ടുകൂട്ടരും മറുപടിയും നൽകിയിരുന്നു. ഈ വിശദീകരണം തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ നിരോധനം നടപ്പാക്കാൻ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്നലെ വൈകീട്ട് അറിയിക്കുകയായിരുന്നു. ഡല്‍ഹിയിൽ നടന്ന വർഗീയ കലാപം സജീവമായി റിപ്പോർട്ട് ചെയ്തിരുന്ന ചാനലുകളായിരുന്നു ഇവ രണ്ടും.
ഇന്നലെ വൈകിട്ട് മുതല്‍ 48 മണിക്കൂര്‍ നേരമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എനിക്ക് പറയാന്‍ കഴിയുന്നത് മീഡിയാ വണ്ണിനെ സംബന്ധിച്ചാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിലക്കിനെതിരെ സാധ്യമായ എല്ലാ നടപടികളും മീഡിയ വണ്‍ കൈകൊള്ളും. നിയമപരമായി നീങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കയാണ്. ഇതിന്റെ വിശദാംശങ്ങള്‍ ഞാന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ഏതായാലും മാധ്യമ സ്വാതന്ത്യത്തിനും നിലനില്‍പ്പിനും തന്നെ ഭീഷണിയായ നീക്കത്തിനെതിരെ പോരാടാന്‍ തന്നെയാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്.പേടിപ്പിച്ച് നിര്‍ത്തുകയെന്ന അവരുടെ ഉദ്ദേശം നടന്നു, നിരോധനത്തോടുള്ള മാധ്യമ സമീപനം കാണിക്കുന്നത് അതാണ്, ഞങ്ങള്‍ പോരാടും മീഡിയവൺ എഡിറ്റർ ഇൻ ചീഫ് സിഎല്‍ തോമസ് പറഞ്ഞു
ഇതിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. അത് തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ നല്‍കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിടുകയെന്നതാണ്. ഭരണകൂടത്തിന് എതിരായതോ, താല്‍പര്യമില്ലാത്തതോ ആയ വാര്‍ത്തകള്‍ നല്‍കിയാല്‍ ഇടപെടുമെന്ന ഭീഷണിയാണ് ഈ നിരോധന നീക്കത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. അടിയന്തരാവസ്ഥകാലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ മനസ്സിലാക്കേണ്ട വസ്തുത അത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നുവെന്നാണ്. എന്നാല്‍ ഇപ്പോള്‍ അതിന്റെ പോലും ആവശ്യമില്ലെന്നാണ് ഭരണകൂടം തെളിയിച്ചിരിക്കുന്നത്. എല്ലാ മാധ്യമങ്ങള്‍ക്കുമുള്ള ഭീഷണിയാണത്. ആര്‍ എസ് എസ്സിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും വാര്‍ത്ത നല്‍കിയെന്നാണ് മീഡിയാവണ്ണിനെ വിലക്കുന്നതിന് കാരണമായി പറഞ്ഞിട്ടുള്ളത്. ഇത്തരത്തില്‍ ഒരു കുറ്റം ചാര്‍ത്തല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും എന്നാണ് തോന്നുന്നത്. ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ മറച്ചുകെട്ടിലാതെ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു
Leave a Reply